പുനർജന്മം കാത്ത് ആലുവ – മൂന്നാർ രാജപാത

കോതമംഗലം: സഞ്ചാരികളുടെ പ്രിയപ്പെട്ട പാതയാണ് പഴയ ആലുവ – മൂന്നാർ രാജപാത. കോതമംഗലത്ത് നിന്ന് തുടങ്ങി കീരമ്പാറ, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പിണ്ടിമേഡ്, കുഞ്ചിയാർ, കുറത്തിക്കുടി, പെരുമ്പൻകുത്ത്, നല്ലതണ്ണി, കല്ലാർ ടീ എസ്റ്റേറ്റ് കൂടി മൂന്നാറിൽ എത്തുന്ന റോഡ്. എന്നാൽ, ഇരുവശത്തും പ്രകൃതി മനോഹാരിത കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഈ റോഡ് ഇപ്പോൾ പൂർണമായി സഞ്ചാരത്തിന് അനുവദിച്ചിട്ടില്ല.

കോതമംഗലത്ത് നിന്നും പൂയംകുട്ടി വരെ 29കിലോമീറ്ററും കുറത്തികുടി മുതൽ പെരുമ്പൻകുത്ത് വരെ അഞ്ച് കിലോമീറ്ററും നല്ലതണ്ണി കല്ലാർ ടീ എസ്റ്റേറ്റ് മുതൽ മൂന്നാർ വരെ എട്ട് കിലോമീറ്ററും ഉൾപ്പെടെ ആകെ 42 കിലോമീറ്റർ മാത്രമാണ് ഇപ്പോൾ ഇതുവഴി ഗതാഗതം അനുവദിച്ചിട്ടുള്ളത്.

പഴയ ആലുവ – മൂന്നാർ രാജപാത (പൊതുമരാമത്ത് റോഡ്) വീണ്ടും ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖലയിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷരുടെ നേതൃത്വത്തിൽ ഒക്റ്റോബർ 18ന് മാങ്കുളം ഗ്രാമപഞ്ചായത്തിൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ഷാജി പയ്യാനിക്കൽ പറഞ്ഞു.

പൂയംകുട്ടി മുതൽ കുറത്തിക്കുടിവരെയുള്ള 21 കി.മീ ദൂരം റിസർവ് വനത്തിനുള്ളിൽ കൂടി കടന്നുപോകുന്നതിനാൽ വനംവകുപ്പ്‌ പൂയംകുട്ടിയിൽ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ ഒരു കാലത്തും ഗതാഗത സൗകര്യങ്ങൾ ഉണ്ടാകാതാരിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്‌ വനം വകുപ്പ് നടത്തുന്നതെന്നാണ് റോഡ് ആക്ഷൻ കൗൺസിലിന്‍റെ ആരോപണം.

ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്, കീരംപാറ, കുട്ടമ്പുഴ, അടിമാലി, മൂന്നാർ, ഇടമലകുടി ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*