ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മക്കുറിപ്പുകള്‍, ‘ഹോപ്പ്’ ജനുവരിയില്‍ പ്രസിദ്ധീകരിക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മക്കുറിപ്പുകള്‍, ‘ഹോപ്പ്’ എന്ന പേരില്‍ ജനുവരിയില്‍ പ്രസിദ്ധീകരിക്കും. ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലശേഷം പ്രസിദ്ധീകരിക്കാനിരുന്ന ഓര്‍മക്കുറിപ്പുകള്‍ അടുത്തവര്‍ഷം പ്രത്യാശയുടെ ജൂബിലിവര്‍ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍, പാപ്പയുടെ പ്രത്യേക നിര്‍ദേശപ്രകാരം, റാന്‍ഡം ഹൗസ് പബ്ലിഷിംഗ് പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

തന്റെ ജീവിതകഥ പ്രത്യാശയുടെ യാത്രയാണെന്നും  അത് തന്റെ കുടുംബത്തിന്റെ യാത്രയില്‍നിന്നോ ദൈവജനം മുഴുവന്റെ യാത്രയില്‍നിന്നോ വേര്‍തിരിക്കാനാവില്ലെന്നുമുള്ള പാപ്പയുടെ വാക്കുകള്‍ റാന്‍ഡം ഹൗസിന്റെ  പത്രക്കുറിപ്പില്‍ ഉദ്ധരിച്ചിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളും പ്രസിദ്ധീകരിക്കാത്ത കഥകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ‘ഹോപ്പ്’ തന്റെ ജീവിതതത്തെക്കറിച്ചുള്ള പാപ്പയുടെ വ്യതിരിക്തമായ കാഴ്ചപ്പാടുകളാണ് നല്‍കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

സ്വതന്ത്ര ഇറ്റാലിയന്‍ പബ്ലിഷിംഗ് ഹൗസായ ലിബ്രേരിയ പിയനൊജിയോര്‍ണോയുടെ സ്ഥാപകന്‍ കാര്‍ലോ മുസോയും ചേര്‍ന്നാണ്  പാപ്പ ‘ഹോപ്പ്’ രചിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന് ലാറ്റിന്‍ അമേരിക്കയിലേക്ക് കുടിയേറിയ പാപ്പയുടെ കുടുംബത്തിന്റെ ചരിത്രം പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന പുസ്തകത്തില്‍ പാപ്പയുടെ ബാല്യകാലത്തെക്കുറിച്ചും ദൈവവിളിയെക്കുറിച്ചും പേപ്പസിയുടെ കാലഘട്ടത്തെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*