അതിരമ്പുഴ :അതിരമ്പുഴയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം. രണ്ട് കടകൾ അക്രമി സംഘം അടിച്ചു തകർത്തു. മൊബൈൽ ഷോപ്പിൽ സാധനങ്ങളുടെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിലാണ് അക്രമി സംഘം കട അടക്കം തല്ലിത്തകർക്കുന്ന സാഹചര്യം ഉണ്ടായത്.
സംഘർഷത്തിൽ പരിക്കേറ്റ സ്ഥാപനങ്ങളിലെ ജീവനക്കാരായ അമൽ, യദു എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുപ്രസിദ്ധ ഗുണ്ടാ നേതാവ് അച്ചു സന്തോഷിന്റെ കൂട്ടാളികളാണ് ആക്രമണം നടത്തിയവരെന്നു നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. അതിരമ്പുഴ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന അഞ്ജലി സ്റ്റോർഴ്്, സമീപം പ്രവർത്തിക്കുന്ന മൊബൈൽ കെയർ എന്നീ കടകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
രാത്രി ഇവിടെ എത്തിയ മൂന്നംഗ സംഘമാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ആദ്യം ഇവിടെ എത്തിയ ഇവർ കടയിലെ സാധനങ്ങളുടെ വില സംബന്ധിച്ചു ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇതിന് ശേഷം മടങ്ങിപ്പോയ പ്രതികൾ തിരികെ പതിനഞ്ചോളം പേരുമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.
ആക്രമണത്തെ തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. സംഘർഷ സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതികൾ ആക്രമണം നടത്തി. പോലീസുകാരെ ആക്രമിച്ച പ്രതികൾ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്തു. ഏറ്റുമാനൂർ എസ്.എച്ച്.ഒ ഇൻസ്പെക്ടർ അൻസിലിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങൾക്കുനേരെ ഉണ്ടായ ഗുണ്ടാ ആക്രമണത്തിൽ അതിരമ്പുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയിസ് ആൻഡ്രൂസ് മു ലേക്കരി, വ്യാപാരിയും പഞ്ചായത്ത് മെംബറുമായ ജോസ് അഞ്ജലി, പഞ്ചായത്ത് മെംബർ ജോഷി ഇലഞ്ഞിയിൽ തുടങ്ങിയവർ പ്രതിഷേധിച്ചു.
Be the first to comment