കേരളീയം: സ്‌പോണ്‍സര്‍ഷിപ്പ് വഴി കിട്ടിയത് 11 കോടി 47 ലക്ഷം, ന്യൂയോര്‍ക്കില്‍ വീഡിയോ പോസ്റ്ററിന് ചെലവിട്ടത് 8.29 ലക്ഷം, കണക്ക് പറഞ്ഞ് സര്‍ക്കാര്‍

കേരളീയം പരിപാടിയുടെ നടത്തിപ്പിനായി 11.47കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയതായി സര്‍ക്കാര്‍. പരിപാടിയുടെ പ്രചാരണത്തിന് ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയറില്‍ വീഡിയോ പോസ്റ്ററിന് 8.29 ലക്ഷം രൂപ ചെലവഴിച്ചതായും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. പരിപാടി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ചെലവായ തുക സംബന്ധിച്ച് മുഖ്യമന്ത്രി കണക്കുകള്‍ വിശദീകരിക്കുന്നത്.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയിലാണ് മുഖ്യമന്ത്രി കണക്ക് പറഞ്ഞത്. സാമ്പത്തിക ഞെരുക്കത്തിനിടയിലെ ധൂര്‍ത്തെന്ന് പ്രതിപക്ഷം ആരോപിച്ച പരിപാടി നടത്തിയത് എല്ലാം സ്‌പോണ്‍സര്‍ഷിപ്പിലൂടെ. ആകെ കിട്ടിയത് 11.47 കോടി രൂപ. അതും വിവിധ ഏജന്‍സികള്‍ വഴി. പരിപാടിയുടെ പ്രചാരണത്തിന് അമേരിക്കയിലെ ടൈംസ്‌ക്വയറില്‍ വീഡിയോ പോസ്റ്റര്‍ ചെയ്തതിന് ചെലവാക്കിയത് 8.29 ലക്ഷം രൂപ.

വിവിധ ഏജന്‍സികള്‍ക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത് 4.63 കോടി രൂപ. ഇത് അനുവദിച്ചതായും നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ ആരൊക്കെയാണ് പണം നല്‍കിയതെന്ന ചോദ്യത്തിന് മാത്രം വ്യക്തമായ മറുപടി ഇല്ല. ഇത് അഴിമതിക്കുള്ള പാലമെന്ന് പറഞ്ഞാണ് അന്ന് പ്രതിപക്ഷം പ്രതിഷേധിച്ചത്.

2023 നവംബര്‍ 1 മുതല്‍ ഏഴ് വരെ തലസ്ഥാനത്തെ വിവിധ വേദികളിലാണ് കേരളീയം പരിപാടി നടത്തിയത്. കേരളത്തിന്റെ വികസന മാതൃകകള്‍ ലോക ശ്രദ്ധയില്‍ എത്തിക്കുക, കേരളത്തെ ബ്രാന്‍ഡാക്കുക, അതുവഴി നിക്ഷേപം കൊണ്ടുവരിക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. വിമര്‍ശനങ്ങള്‍ക്കിടെ ഇക്കാല്ലവും സര്‍ക്കാര്‍ കേരളീയം പരിപാടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*