ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഹൈക്കോടതി. സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളികള്‍ ഏറ്റെടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം.

കേസില്‍ നവംബര്‍ എട്ടിനു ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ എതിര്‍കക്ഷികളായ ചീഫ് സെക്രട്ടറി, പോലീസ്, കലക്ടര്‍, യാക്കോബായ സഭാംഗങ്ങള്‍ തുടങ്ങിയവര്‍ക്കു ജസ്റ്റിസ് വിജി അരുണ്‍ നിര്‍ദേശം നല്‍കി.

സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യാക്കോബായ സഭയ്ക്കു കീഴിലെ ആറ് പള്ളികള്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ പള്ളികള്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി നേരത്തേ പാലക്കാട്, എറണാകുളം കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെ സര്‍ക്കാരും യാക്കോബായ സഭാംഗങ്ങളും നല്‍കിയ അപ്പീലുകള്‍ നല്‍കിയെങ്കിലും ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.

പള്ളികള്‍ ഏറ്റെടുക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്‌നം പറഞ്ഞ് നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യക്കുറ്റ നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. കേസുകളില്‍ കുറ്റം ചുമത്തുന്ന നടപടികള്‍ക്കായി എതിര്‍കക്ഷികളോടു നേരിട്ടു ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*