
എ സീരീസിലുള്ള പുതിയ ഫോൺ പുറത്തിറക്കി സാംസങ്. ആറ് വർഷത്തെ ഒഎസ് അപ്ഡേറ്റോടെയാണ് സാംസങ് ഗാലക്സി എ16 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ബഡ്ജറ്റ് ഫോൺ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവയുടെ വില 18999 രൂപ മുതലാണ് ആരംഭിക്കുന്നത്.
ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോൺ എന്ന ലക്ഷ്യത്തിലാണ് ഗാലക്സി എ 16 5ജിയിൽ ആറ് ജനറേഷൻ ഒഎസ് അപ്ഗ്രേഡുകളും ആറ് വർഷത്തേക്ക് സെക്യൂരിറ്റി അപ്ഗ്രേഡുകളും ലഭ്യമാക്കിയിരിക്കുന്നത്. 8ജിബി/128 ജിബി, 8ജിബി/256ജിബി എന്നിങ്ങനെ രണ്ടു വേരിയന്റുകളിൽ ട്രെൻഡി നിറങ്ങളായ ഗോൾഡ്, ലൈറ്റ് ഗ്രീൻ, ബ്ലൂ ബ്ലാക്ക് എന്നീ നിറങ്ങളിൽ സാംസങ് ഗാലക്സി എ16 5ജി ലഭ്യമാകും. റീട്ടയിൽ സ്റ്റോറുകളിലും സാംസങ്, ആമസോൺ, ഫ്ളിപ്പ്കാർട്ട് എന്നിവയുൾപ്പടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇത് ലഭ്യമാകും. ആകർഷകമായ ഡിസൈനും പെർഫോമെൻസുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 7.9 എം.എം വീതിയുമായി ഇതുവരെയുള്ളതിൽ ഏറ്റവും മെലിഞ്ഞ മിഡ് റെയ്ഞ്ച് ഗാലക്സി എ സീരീസ് സ്മാർട്ട് ഫോണാണ് ഇത്.
ഐക്കണിക് കീ ഐലൻഡ്, മെച്ചപ്പെടുത്തിയ ഗ്ലാസ്റ്റിക് ബാക്ക്, നേർത്തതും സുതാര്യവുമായ കവറിങ്ങ് എന്നിവ ഗാലക്സി എ16 5ജി സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. 5000 എം.എ.എച്ച് ബാറ്ററിയാണ് ഇതിനുള്ളത്. അത്യാധുനിക രീതിയിലുള്ള മീഡിയടെക് ഡിമെൻസിറ്റി 6300 പ്രോസസർ വഴി ഹൈപ്പർ ഫാസ്റ്റ് കണക്ടിവിറ്റിയും തടസമില്ലാത്ത മൾട്ടി ടാസ്കിങ്ങും ഉറപ്പ് നൽകുന്നു. ഫോണിന്റെ ക്യാമറയും ഡിസ്പ്ലേയും എടുത്ത് പറയേണ്ടവയാണ്. 50 എംപി വൈഡ്, 5 എംപി അൾട്രാ വൈഡ്, 2 എംപി മാക്രോ ലെൻസ് എന്നിവ ഫീച്ചർ ചെയ്യുന്ന ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഇതിനുള്ളത്. വിശാലമായ ഷോട്ടുകൾ എടുക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന അൾട്രാ-വൈഡ് ലെൻസുകൾ സഹായിക്കുന്നു. 6.7 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് സ്ക്രീനോടുകൂടിയ ആകർഷകമായ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഗ്യാലക്സി എ16 5ജി സ്മാർട്ട്ഫോണിനുള്ളത്. സാംസങ് എ16 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയും, 8 ജിബി + 256 ജിബി വേരിയൻറിന് 21,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
Be the first to comment