പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റ് കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നല്‍കിയാല്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
നവീന്‍ ബാബുവിനെ കണ്ണൂരിലെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ഗവര്‍ണറുടെ സന്ദര്‍ശനം. അരമണിക്കൂറോളം സമയം ഗവര്‍ണര്‍ നവീന്‍ ബാബുവിന്റെ വീട്ടില്‍ ചിലവഴിച്ചു.
‘അന്വേഷണത്തില്‍ വിശ്വാസമുണ്ട്. ഇടപെടേണ്ട സാഹചര്യം വന്നാല്‍ ഉറപ്പായും ഇടപെടും. പ്രധാനമായും ഞാനിവിടെ വന്നിരിക്കുന്നത് അവരെ ആശ്വസിപ്പിക്കാനും അനുശോചനം അറിയിക്കാനുമാണ്. അവരുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ കുടുംബനാഥനെയാണ്. അവര്‍ക്കൊപ്പമുണ്ടെന്ന് പറയാന്‍, അവരെ ആശ്വസിപ്പിക്കാനാണ് ഞാനിവിടെ വന്നത്’ ഗവര്‍ണര്‍ പറഞ്ഞു.
നവീനിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ കുടുംബാംഗങ്ങളോട് ഗവര്‍ണര്‍ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അറിയിക്കണമെന്നും അദ്ദേഹം നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മരണം. സംഭവത്തില്‍ ദിവ്യക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. എന്നാല്‍ പോലീസ് ദിവ്യയെ ചോദ്യം ചെയ്തിട്ടില്ല. എഡിഎമ്മിന്റെ മരണം വിവാദമായതിന് പിന്നാലെ ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സിപിഎം മാറ്റിയിരുന്നു.
Be the first to comment