ഝാർഖണ്ഡിൽ സിപിഐയും സിപിഐഎമ്മും ഒറ്റയ്ക്ക് മത്സരിക്കും.നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകേണ്ടെന്ന് ഇരുപാർട്ടികളും തീരുമാനിച്ചു. സിപിഐ 15 സീറ്റുകളിലും സിപിഐഎം 9 സീറ്റിലും സ്ഥാനാർഥികളെ നിർത്തും. മത്സരിക്കാത്ത ഇടങ്ങളിൽ ഇന്ത്യ സഖ്യത്തിന് വോട്ടു ചെയ്യുമെന്നും സിപിഐഎം വ്യക്തമാക്കി.
കോൺഗ്രസും ജെഎംഎമ്മും ചർച്ചക്ക് പോലും വിളിച്ചില്ലെന്ന് ,സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രകാശ് ബിപ്ലബി വിമർശിച്ചു. ഹേമന്ത് സോറൻ്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിൻ്റെ പ്രകടനത്തിൽ സിപിഐ അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാനത്തെ യുവാക്കളെ പരാജയപ്പെടുത്തിയെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ‘മായ സമ്മാന്’ പോലുള്ള ജനകീയ പദ്ധതികൾ അവതരിപ്പിക്കുകയാണെന്നും ആരോപിച്ചു.
“ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സഖ്യത്തിൽ ചേർന്നത്. ഝാർഖണ്ഡിൽ സിപിഐക്ക് കാര്യമായ ജനപിന്തുണയുണ്ട്. തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ജെഎംഎംമ്മിലെയും കോൺഗ്രസിൻ്റെയും മുതിർന്ന നേതാക്കളെ സമീപിച്ചിരുന്നു. എന്നാൽ, ഉറപ്പ് നൽകിയിട്ടും പുരോഗതിയുണ്ടായില്ല. അതിനാൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു” സിപിഐ സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പഥക് പറഞ്ഞു.
സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയും ഝാർഖണ്ഡ് ഇൻചാർജ് രാമകൃഷ്ണ പാണ്ഡയും പങ്കെടുത്ത ഝാർഖണ്ഡ് സ്റ്റേറ്റ് കൗൺസിൽ ദ്വിദിന യോഗത്തെ തുടർന്നാണ് തീരുമാനം. ഒമ്പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ സിപിഐ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു.
ഝാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നവംബർ 13 നും രണ്ടാം ഘട്ടം നവംബർ 20 നും നടക്കും. അതിൻ്റെ വിജ്ഞാപനം ചൊവ്വാഴ്ച പുറപ്പെടുവിച്ചു. ആദ്യ ഘട്ടത്തിൽ, സംസ്ഥാനത്തെ 81 സീറ്റുകളിൽ 38 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 43 മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.
Be the first to comment