വാഷിങ്ടണ്‍ : ലോകബാങ്ക് അധ്യക്ഷന്‍ അജയ് ബന്ഗയുമായി ധനമന്ത്രി നിര്‍മല സീതാരാമന് കൂടിക്കാഴ്ച നടത്തി. മള്‍ട്ടി ലാറ്ററല്‍ ഡെവലപ്പ്മെന്റ് ബാങ്കുകളുടെ പരിഷ്കാരങ്ങളടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.
ആഗോള പൊതുചരക്കുകളില് സ്വകാര്യ മൂലധന പങ്കാളിത്ത വിഷയങ്ങളും ഊര്‍ജ സുരക്ഷ, മള്‍ട്ടിലാറ്ററല്‍ വികസന ബാങ്ക് പരിഷ്കാരങ്ങള്‍ എന്നിവയും ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാര്‍ഷിക യോഗത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു. ഇന്ത്യ ജി20യുടെ അധ്യക്ഷ പദവി വഹിക്കവെ എംഡിബി സംബന്ധിച്ച് സ്വതന്ത്ര വിദഗ്ധ സംഘം നല്കിയ ശുപാര്‍ശകള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് വരികയാണെന്ന് നിര്‍മല പറഞ്ഞു. ശുപാര്‍ശകള്‍ നടപ്പാക്കുന്നതും അതിന്റെ മുന്നോട്ടുള്ള പ്രയാണവും നിരീക്ഷിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രാലയം എക്സില്‍ കുറിച്ചു. എംഡിബികളുടെ പരിഷ്കാരം ലക്ഷ്യമിട്ടാണ് ജി20 അധ്യക്ഷപദം വഹിക്കവെ ഇന്‍ഡിപെന്‍ഡന്റ് എക്സ്പെര്‍ട്ട് ഗ്രൂപ്പ്(ഐഇജി)യെ നിയോഗിച്ചത്.
അതി തീവ്ര ദാരിദ്ര്യം തുടച്ച് നീക്കുക, ക്ഷേമത്തിന് കരുത്ത് പകരുക, 2030ഓടെ ആഗോള പൊതുചരക്കുകളുടെ സുസ്ഥിര നല്കല് മൂന്നിരട്ടിയാക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. ഇതിന് പുറമെ ഒരു മൂന്നാം ഫണ്ടിങ് സംവിധാനം ആവിഷിക്കരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. എംഡിബി ലക്ഷ്യങ്ങളില്‍ അയവുള്ള പുത്തന്‍ പരിപാടികളിലൂടെ നിക്ഷേകരെയും ഇതില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.
ഈ വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടതിന്റെ ആവശ്യകത, ബ്രെറ്റന്‍വുഡ് ഇരട്ടകളായ ലോകബാങ്കിനും അന്താരാഷ്ട്ര നാണയ നിധിക്കും എണ്‍പത് വയസ് തികയുന്ന ഈ വേളയില്‍ നടന്ന സംയുക്ത യോഗത്തില്‍, നിര്‍മല സീതാരാമന് ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ന്യൂഹാംപ്ഷെയറിലുള്ള ബ്രെറ്റന്വുഡ്സില് 1944ല്‍ നടന്ന യോഗത്തിലാണ് ഐഎംഎഫും ലോകബാങ്കും പിറന്നത്.
പ്രത്യേക വിദഗ്ധ സംഘത്തിന്റെ ശുപാര്‍ശകളില്‍ നിര്‍ണായക പുരോഗതിയുണ്ടെന്ന് ബന്‍ഗ ചൂണ്ടിക്കാണ്ടി. തൊഴില്‍, വൈജ്ഞാനിക ചട്ടക്കൂടുകള്‍, ബാങ്കിങ് പദ്ധതികള്‍, തുടങ്ങിയവയ്ക്കൊപ്പം ഇന്ത്യയുടെ ബജറ്റ് മുന്‍ഗണന വിഷയങ്ങളായ നൈപുണ്യം, ജലം-ശുചീകരണം, നഗര വികസനം എന്നിവയ്ക്കും തങ്ങള്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Be the first to comment