ദിവ്യ നൽകിയ വിശദീകരണം പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നത്; എഡിഎമ്മിന്‍റെ മരണത്തിൽ സിപിഎം നടപടിക്ക് സാധ്യത

കണ്ണൂർ: അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടിക്ക് ഒരുങ്ങുകയാണ് കണ്ണൂരിലെ സിപിഎം. മുന്‍ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നവീൻ ബാബുവിന്‍റെ യാത്രയയപ്പ് സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നൽകിയ വിശദീകരണം പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെളിഞ്ഞതോടെ ദിവ്യയെ പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്താനുള്ള സാധ്യത ഏറുകയാണ്.

ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ തീർപ്പ് വരുന്നതോടെ നടപടി എടുക്കാൻ ആയിരുന്നു സാധ്യത കൂടുതൽ. എന്നാൽ ജാമ്യ ഹർജിയിൽ വിധി പറയുന്നത് 29 ലേക്ക് മാറ്റിയതോടെ പോലീസിന് മുന്നിൽ കീഴടങ്ങാൻ പാർട്ടി നിർദേശം നൽകിയതായാണ് സൂചന. ഇന്ന് കണ്ണൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് നടക്കുകയാണ്.

പാർട്ടി സമ്മേളന കാലമായതിനാൽ അതു കഴിഞ്ഞു മതി അച്ചടക്ക നടപടി എന്നായിരുന്നു ആദ്യ തീരുമാനം. പക്ഷേ അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടിയെടുക്കാനാണ് ഇപ്പോഴത്തെ പാർട്ടി നീക്കം. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പിപി ദിവ്യ. യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് മുന്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്യുന്നത്.

ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും ദിവ്യയെ പൂർണമായും തള്ളിപ്പറയാൻ ജില്ലാ കമ്മിറ്റി തയ്യാറായിരുന്നില്ല. ദിവ്യയുടെ പേരിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തതോടെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ദിവ്യയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കലക്‌ടർ വിളിച്ചിട്ടാണ് യോഗത്തിൽ പങ്കെടുത്തതെന്നും അഴിമതിക്കാര്യം സദുദ്ദേശത്തോടെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്‌തതെന്നുമായിരുന്നു ദിവ്യയുടെ മറുപടി.

പക്ഷേ പോലീസ് അന്വേഷണത്തിൽ ദിവ്യ പറഞ്ഞത് തെറ്റാണെന്ന് കണ്ടെത്തി. യോഗത്തിൽ പങ്കെടുക്കാൻ അവസരം ലഭ്യമാക്കണം എന്ന് കലക്‌ടറോട് ദിവ്യ അങ്ങോട്ടേക്ക് ഫോണിൽ ആവശ്യപ്പെട്ടതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ദിവ്യയുടെ ഫോൺകോൾ വിവരങ്ങൾ സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞത്. യാത്രയയപ്പിൽ പങ്കെടുക്കാനുള്ള താൽപര്യം അറിയിച്ച് കലക്‌ടർ അരുൺ കെ വിജയനും ദിവ്യയും തമ്മിൽ 50 സെക്കൻഡ് ഫോൺ സംഭാഷണം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തലശ്ശേരി സെഷൻ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ കലക്‌ടറുടെ ക്ഷണപ്രകാരമാണ് യാത്രയയപ്പ് ചടങ്ങിലെത്തിയതെന്നാണ് പറഞ്ഞത്.മുന്‍ എഡിഎമ്മിന്‍റെ ആത്മഹത്യക്കു ശേഷം പ്രശാന്തിനെ ഉപയോഗിച്ച് പരാതി നൽകിയതും ഏറെ വിവാദമായിരുന്നു. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ ചട്ടം ലംഘിച്ചാണ് പ്രശാന്ത് പെട്രോൾ പമ്പിന് അനുമതി തേടിയതെന്ന് വ്യക്തമായി.

ഇതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിന്‍റെ നിർദേശ പ്രകാരം പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് പ്രശാന്തിനെ പുറത്താക്കാനുള്ള സാധ്യതയും ഏറി. ഇക്കാര്യത്തിൽ ശക്തമായ നിലപാട് എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*