അത് ആന്റണി രാജു പൊട്ടിച്ച ബോംബ്; രണ്ട് എംഎല്‍എമാരെ ഷോക്കേസില്‍ വെക്കാനാണോ?; കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

ആലപ്പുഴ: ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാരെ ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് എന്‍സിപി എംഎല്‍എ തോമസ് കെ തോമസ്. മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് തനിക്കെതിരെ ആരോപണം വന്നത്. ആന്റണി രാജുവിന് കുട്ടനാട് സീറ്റ് ലഭിക്കുന്നതിന് വേണ്ടി പൊട്ടിച്ച ബോംബ് ആണ് ഇതെന്നും മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.

എന്‍സിപി മന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. തനിക്ക് മന്ത്രിസ്ഥാനം ആരും നിഷേധിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പുവരെ കാത്തിരിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും തോമസ് കെ തോമസ് പറഞ്ഞു. കുട്ടനാട് സീറ്റ് ജനാധിപത്യ കോണ്‍ഗ്രസിന് ലഭിക്കാന്‍ വേണ്ടിയാണ് ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത്. കഴിഞ്ഞ ദിവസം ആന്റണി രാജു ഒരുപരിപാടിക്കിടെ പാര്‍ട്ടിക്കാരോട് പറഞ്ഞത് തോമസ് ഒന്നും മന്ത്രിയാകില്ല. താന്‍ ഒരുടോര്‍പിഡോ വച്ചിട്ടുണ്ടെന്നാണ്.

ഇത്രയും വലിയ വിഷയം നിയമസഭയുടെ ലോബിയില്‍ ആരെങ്കിലും ചര്‍ച്ച ചെയ്യുമോ?. ഇക്കാര്യത്തില്‍ കോവൂര്‍ കുഞ്ഞുമോന്റെ മറുപടി മതി എല്ലാവരുടെയും വായ അടയാന്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്നെ വിളിച്ചിരുന്നു.

ആന്റണി രാജുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി തന്നെ വിളിച്ചത്. താന്‍ ഇന്നുവരെ അജിത് പവാറിന് വേണ്ടി സംസാരിച്ചിട്ടില്ല. തനിക്ക് ഏറ്റവും അടുപ്പമുള്ളയാളാണ് പ്രഫുല്‍ പട്ടേല്‍. അവര്‍ ഇന്നുവരെ പറഞ്ഞിട്ടില്ല എകെ ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും വേണമെന്ന്. താന്‍ രണ്ട് എംഎല്‍എമാരെ വാങ്ങിയിട്ട് എന്തുചെയ്യാനാ. ഷേക്കേസില്‍ ഇട്ട് വെക്കാനാണോ?യെന്നും തോമസ് കെ തോമസ് ചോദിച്ചു

ആന്റണി രാജുവിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രി തന്നെ തെറ്റിദ്ധരിച്ചിട്ടില്ല. മുഖ്യമന്ത്രിയില്‍ പരിപൂര്‍ണ വിശ്വാസമുണ്ട്. ആന്റണി രാജുവിന്റെ വൈരാഗ്യത്തിന്റെ കാരണം അറിയില്ലെന്നും തോമസ് കെ തോമസ്  പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*