ഇരുമ്പയിര് കടത്തുകേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് 7 വര്‍ഷം തടവ് ശിക്ഷ. ബെംഗളൂരു സിബിഐ കോടതിയുടേതാണ് വിധി. കോടതി നേരത്തെ തന്നെ എംഎല്‍എ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ആറ് കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. ആറ് കേസുകളിലും ശിക്ഷ വിധിച്ചിട്ടുമുണ്ട്. ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നതിനൊപ്പം തന്നെ 44 കോടി രൂപ പിഴയടയ്ക്കുകയും വേണം. കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഈ ആറ് പ്രതികള്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. സതീഷ് കൃഷ്ണ സെയിലിന്റെ അതേ ശിക്ഷ തന്നെയാണ് അന്നത്തെ ഫോറസ്റ്റ് ഓഫീസര്‍ ആയിരുന്ന മഹേഷ് ബിലേയിക്കും വിധിച്ചിരിക്കുന്നത്.
2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എ അല്ല. മറിച്ച്, ഇദ്ദേഹത്തിനൊരു സ്വകാര്യ ഷിപ്പിംഗ് കമ്പനിയുണ്ടായിരുന്നു. ഈ കമ്പനി ഉപയോഗിച്ച് ഖനിയില്‍ നിന്ന് നിയമ വിരുദ്ധമായി 77.4 ലക്ഷം ടണ്‍ ഇരുമ്പയിര് ബെലെകേരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. സതീഷ് കൃഷ്ണ സെയിലിന്റെ മല്ലിക്കാര്‍ജുന്‍ ഷിപ്പിങ് കോര്പ്പറേഷന് അടക്കം നാല് കമ്പനികള്‍ ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍. അനുമതിയില്ലാതെ 11,312 മെട്രിക് ടണ്‍ ഇരുമ്പയിര് എംഎല്‍എയും കൂട്ടരും കടത്തിയെന്നാണ് കേസ്.
സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തതിനുശേഷം സതീഷ് കൃഷ്ണ സെയ്ല് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം സെയ്ല് ജയിലായിരുന്നു. പിന്നീട് ജാമ്യം തേടി പുറത്തിറങ്ങി. എന്നാല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിബിഐ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തു. അസുഖബാധിതനായതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് എംഎഎയുടെ ആവശ്യവും കോടതി പരിഗണിച്ചില്ല. കര്‍ണാടക ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ ഇടപെടലിലൂടെയായിരുന്നു കുറ്റകൃത്യം പുറത്തുന്നത്. പിന്നീടാണ് കേസ് സിബിഐക്ക് കൈമാറിയ്ത്. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിന് മുകളില്‍ ജയില്‍ ശിക്ഷ ലഭിച്ചതിനാല്‍ സതീശ് കൃഷ്ണ സെയിലിന് എംഎല്‍എ സ്ഥാനം നഷ്ടമാകും. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് സതീഷ് കൃഷ്ണ സെയില്‍ .
Be the first to comment