‘കിങ് ഓഫ് കൊത്ത’യുടെ പരാജയത്തിൽ ആദ്യമായി പ്രതികരിച്ച് ദുൽഖർ സൽമാൻ. ഒരു സിനിമ പ്രതീക്ഷിച്ച രീതിയിൽ വിജയമായില്ലെങ്കിൽ ആ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്ന ആളെന്ന നിലയിൽ പൂർണ ഉത്തരവാദി താനാണെന്ന് ദുൽഖർ പറഞ്ഞു. പ്രേക്ഷകർ മുന്നോട്ടുവെച്ച വിമർശനങ്ങളെല്ലാം സ്വീകരിക്കുന്നുവെന്നും ചിത്രത്തിന്റെ കുറവുകളെല്ലാം പൂർണ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നുവെന്നും ‘ലക്കി ഭാസ്കറി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. വലിയ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രത്തിന് തീയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. ഭേദപ്പെട്ട സംഘട്ടനരംഗങ്ങളും കാസ്റ്റിങ്ങും അവകാശപ്പെടാനുണ്ടെങ്കിലും മോശം തിരക്കഥയുടെയുടെ പേരിലും തെലുങ്ക് ചിത്രങ്ങളുടേതിന് സമാനമായ സംഭാഷണ രംഗങ്ങൾ കൊണ്ടും ചിത്രം വലിയ രീതിയിൽ വിമർശിക്കപ്പെട്ടു.
ചിത്രത്തിന്റെ പരാജയവും പ്രേക്ഷകർക്കു സിനിമയെക്കുറിച്ചുള്ള മോശം അഭിപ്രായവും തന്റെ മാത്രം ഉത്തരവാദിത്തമായി കാണുന്നുവെന്നാണ് ഇപ്പോൾ ദുൽഖർ പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ആദ്യമായാണ് താരം പ്രതികരിക്കുന്നത്.
”വലിയ കാൻവാസിൽ ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രമായിരുന്നു ‘കിങ് ഓഫ് കൊത്ത’. സ്വന്തം നിർമാണത്തിൽ വരുന്ന ചിത്രമായതുകൊണ്ടുകൂടി വലിയ രീതിയിൽ ചിത്രത്തെ പരിഗണിച്ചിരുന്നു. സംവിധായകൻ അഭിലാഷ് ജോഷി എന്റെ പഴയ സുഹൃത്താണ്. അവന്റെ ആദ്യത്തെ സിനിമ കൂടിയായിരുന്നു അത്. എന്റെയും അവന്റെയും ആ സമയത്തെ ഏറ്റവും വലുതും പ്രതീക്ഷയുള്ളതുമായ ചിത്രമായിരുന്നു. ഒരു സിനിമ പ്രതീക്ഷിച്ച രീതിയിൽ വിജയമായില്ലെങ്കിൽ ആ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്ന ആളെന്ന നിലയിൽ പരാജയത്തിന്റെ പൂർണ ഉത്തരവാദി ഞാനാണ്. ചിത്രത്തിന്റെ പരാജയവും പ്രേക്ഷകർക്കു സിനിമയെക്കുറിച്ചുള്ള മോശം അഭിപ്രായവും തന്റെ മാത്രം ഉത്തരവാദിത്തമായി കാണുന്നു. അടുത്ത തവണ കഠിനമായി പരിശ്രമിച്ച് ഇതിലും വലിയ രീതിയിൽ ഒരു ചിത്രവുമായി പ്രേക്ഷകരിലേക്കു ഞങ്ങളെത്തും,” ദുൽഖർ പറഞ്ഞു.
ദുൽഖറിന്റെ കരിയറിൽ ഏറ്റവും നിർണായകമാകുമെന്ന് കരുതിയ ചിത്രമായിരുന്നു ‘കിങ് ഓഫ് കൊത്ത’. പാൻ ഇന്ത്യൻ തലത്തിലൊരുക്കിയ ചിത്രം അതുവരെ ചെയ്തതിൽ ഏറ്റവും ശാരീരിക വെല്ലുവിളി നിറഞ്ഞതാണെന്ന് ദുൽഖർ തന്നെ ട്വിറ്ററിലൂടെ ആരാധകരോട് വെളിപ്പെടുത്തിയിരുന്നു.
രണ്ടു കാലഘട്ടത്തിലെ കഥ പറഞ്ഞ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക. ഗോകുൽ സുരേഷ്, നൈല ഉഷ, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വടചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവരായിരുന്നു മറ്റ് താരങ്ങൾ.
‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിനുശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കിയ ചിത്രം നിർമിച്ചത് ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. സീ സ്റ്റുഡിയോയുടെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ‘കിങ് ഓഫ് കൊത്ത’.
Be the first to comment