കള്ളപ്പണം വെളുപ്പിക്കാന്‍ അനധികൃത പേയ്‌മെന്റ് ഗേറ്റ് വേകള്‍, ജാഗ്രതാനിര്‍ദേശവുമായി കേന്ദ്രം; എന്താണ് മ്യൂള്‍ അക്കൗണ്ട്?

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കുന്നതിന് മ്യൂള്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് അനധികൃത പേയ്‌മെന്റ് ഗേറ്റ് വേകള്‍ സൃഷ്ടിക്കുന്ന അന്തരാഷ്ട്ര സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകള്‍ നല്‍കുന്ന ബള്‍ക്ക് പേഔട്ട് സൗകര്യം ചൂഷണം ചെയ്ത് ഷെല്‍ കമ്പനികളുടെയും വ്യക്തികളുടെയും അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തുന്ന അന്തര്‍ദേശീയ സൈബര്‍ കുറ്റവാളികളാണ് ഗേറ്റ് വേകള്‍ സൃഷ്ടിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അടുത്തിടെ ഗുജറാത്തിലെയും ആന്ധ്രാപ്രദേശിലെയും പോലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളില്‍ വാടകയ്ക്കെടുത്ത ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് അനധികൃത ഡിജിറ്റല്‍ പേയ്മെന്റ് ഗേറ്റ്വേകള്‍ സൃഷ്ടിച്ചതായി കണ്ടെത്തി. വിവിധ കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച വരുമാനം വെളുപ്പിക്കുന്നതിനായാണ് സൈബര്‍ കുറ്റവാളികള്‍ ഇത്തരം അനധികൃത പേയ്‌മെന്റ് ഗേറ്റ് വേകള്‍ സൃഷ്ടിച്ചത്. ഇത്തരത്തില്‍ തിരിച്ചറിഞ്ഞ പേയ്മെന്റ് ഗേറ്റ്വേകള്‍ക്ക് PeacePay, RTX Pay, PoccoPay, RPPay എന്നിങ്ങനെയാണ് പേര്. വിദേശ പൗരന്മാരാണ് ഇതിന് പിന്നില്‍. കള്ളപ്പണം വെളുപ്പിക്കല്‍ എന്ന തരത്തിലാണ് ഈ ഗേറ്റ് വേകള്‍ സേവനം നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഈ മ്യൂള്‍ അക്കൗണ്ടുകള്‍ വിദേശത്ത് നിന്നാണ് നിയന്ത്രിക്കുന്നത്. വ്യാജ നിക്ഷേപ തട്ടിപ്പ് സൈറ്റുകള്‍, ചൂതാട്ട വെബ്സൈറ്റുകള്‍, വ്യാജ സ്റ്റോക്ക് ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയ നിയമവിരുദ്ധ പ്ലാറ്റ്ഫോമുകളില്‍ നിക്ഷേപം സ്വീകരിക്കുന്നതിന് ക്രിമിനല്‍ സിന്‍ഡിക്കേറ്റുകള്‍ക്ക് നല്‍കുന്ന ഈ മ്യൂള്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഒരു നിയമവിരുദ്ധ പേയ്മെന്റ് ഗേറ്റ്വേ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം ഉടന്‍ തന്നെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ഇവരുടെ രീതിയെന്നും കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മ്യൂള്‍ അക്കൗണ്ടുകള്‍

അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കൈയില്‍ നിന്ന് വാടകയ്ക്ക് എടുക്കുന്ന ബാങ്ക് അക്കൗണ്ട് ആണിത്. ഇത്തരം അക്കൗണ്ടുകള്‍ ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് ഉടമസ്ഥരോട് വെളിപ്പെടുത്തില്ല. ഇത്തരം പ്രവര്‍ത്തനങ്ങളുടെ അന്വേഷണം നടത്തുമ്പോള്‍ യഥാര്‍ഥ ഉടമകളാകും പ്രതികളാകുക.

 

Be the first to comment

Leave a Reply

Your email address will not be published.


*