നവംബര്‍ ഒന്നുമുതല്‍ ഒടിപി തടസ്സപ്പെടില്ല; ട്രേസബിലിറ്റി ചട്ടം നടപ്പാക്കുന്നത് ഒരു മാസത്തേയ്ക്ക് നീട്ടി

ന്യൂഡല്‍ഹി: ഇ- കോമേഴ്‌സ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒടിപി ലഭിക്കുന്നത് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി ട്രേസബിലിറ്റി ചട്ടം നടപ്പാക്കുന്നത് ട്രായ് ഒരു മാസത്തേയ്ക്ക് നീട്ടി. ഇ- കോമേഴ്‌സ് സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്ക് സാങ്കേതികവിദ്യ രംഗത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് ട്രായ് നടപടി. നേരത്തെ ട്രേസബിലിറ്റി ചട്ടം നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്നാണ് ട്രായ് പറഞ്ഞിരുന്നത്.

എയര്‍ടെല്‍, വൊഡഫോണ്‍-ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരുടെ ആശങ്കകള്‍ മാനിച്ചാണ് നടപടി. ബാങ്കുകളും ടെലിമാര്‍ക്കറ്റിങ് സ്ഥാപനങ്ങളും അടക്കമുള്ള പല ബിസിനസ്സുകളും സാങ്കേതിക മാറ്റങ്ങള്‍ക്ക് തയ്യാറായിട്ടില്ല. അതിനാല്‍ നവംബര്‍ ഒന്നിന് ട്രേസബിലിറ്റി ചട്ടം നടപ്പാക്കിയാല്‍ വ്യാപകമായി സന്ദേശങ്ങള്‍ തടസ്സപ്പെടുന്ന സ്ഥിതി വരും. ഇത് ഉപഭോക്താക്കള്‍ക്ക് സുപ്രധാന ഇടപാടുകള്‍ നടത്താന്‍ തടസ്സം സൃഷ്ടിക്കാം. ഇത് കണക്കിലെടുത്ത് ട്രേസബിലിറ്റി ചട്ടം നടപ്പാക്കുന്നത് നീട്ടണമെന്ന ടെലികോം കമ്പനികളുടെ ആവശ്യമാണ് ട്രായ് പരിഗണിച്ചത്. അതേസമയം അനാവശ്യ എസ്എംഎസുകള്‍ തടയുന്നതിനുള്ള ട്രായിയുടെ പുതിയ മാര്‍ഗനിര്‍ദേശം നവംബര്‍ ഒന്നുമുതല്‍ പ്രബാല്യത്തില്‍ വരും.

ബാങ്കുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ അടക്കം അയക്കുന്ന സന്ദേശങ്ങള്‍ ട്രേസ് ചെയ്ത് കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നതാണ് ട്രായിയുടെ നിര്‍ദേശം. ഓഗസ്റ്റിലാണ് സന്ദേശങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്ന് ട്രായ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സന്ദേശം അയക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ടെലിമാര്‍ക്കറ്റിങ് കമ്പനികളുടെ മുഴുവന്‍ ശൃംഖലയെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ നടപടിക്രമവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ അത്തരം സന്ദേശങ്ങള്‍ നിരസിക്കേണ്ടതാണെന്ന് ട്രായിയുടെ നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരത്തില്‍ നിര്‍വചിക്കാത്ത ശൃംഖലകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യുമെന്നും ഉപഭോക്താക്കള്‍ക്ക് കൈമാറില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*