ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത്തെ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. അതിരൂപതാ ഭരണമൊഴിയുന്ന ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
മാര്‍ തോമസ് തറയിലിനെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കല്‍പ്പന അതിരൂപതാ ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി വായിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം ആമുഖ പ്രഭാഷണം നടത്തി. അഭിനവ മെത്രാപ്പോലിത്ത മുഖ്യകാര്‍മ്മികന്റെ മുമ്പില്‍ മുട്ടുകുത്തി. തുടര്‍ന്ന് മുഖ്യകാര്‍മ്മികന്‍ വലതു കരം അഭിനവ മെത്രാപ്പോലീത്തയുടെ ശിരസില്‍ വച്ച് പ്രാര്‍ത്ഥിച്ച് കുരിശു വരച്ചു. ശേഷം കുനിഞ്ഞ് ആചാരംചെയ്ത എഴുന്നേറ്റ അഭിനവ മെത്രാപ്പോലീത്ത ആര്‍ച്ച് ഡീക്കന്‍ കൊണ്ടുവന്ന മുടി ധരിച്ച് അംശവടി കൈയില്‍ പിടിച്ചു. തുടര്‍ന്ന് മാര്‍ തോമസ് തറയിലിനെ ഔദ്യോഗിക പീഠത്തിലേക്ക് ആനയിച്ചു.
Be the first to comment