‘പണം എവിടെ നിന്നു കൊണ്ടുവന്നു, എവിടേക്ക് കൊണ്ടുപോയി, പോലീസിന് എല്ലാം അറിയാം; വ്യക്തമായത് സിപിഎം – ബിജെപി ബന്ധം’

കോഴിക്കോട്: കൊടകര കുഴല്‍പ്പണ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മറച്ചുവെച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം-ബിജെപി ബാന്ധവം എത്ര വലുതാണെന്നാണ് വ്യക്തമാകുന്നത്. കുഴല്‍പ്പണം തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസാക്ഷികളിലൊരാള്‍ കൂടിയാണ് മുന്‍ ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീശന്‍. വളരെ ആധികാരികമായാണ് അയാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്ന് വിഡി സതീശന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റും കുഴല്‍പ്പണം കൊണ്ടുവന്നയാളും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇരുവരും ഓഫീസില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. പണം കൊണ്ടുവന്നയാള്‍ക്ക് മുറിയെടുത്ത് കൊടുക്കുകയും എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷിച്ച കേരള പൊലീസിന് ഇതെല്ലാം അറിയാവുന്നതാണ്. പണം എവിടെ നിന്നും കൊണ്ടു വന്നു, എവിടേക്ക് കൊണ്ടുപോയി എന്നതു സംബന്ധിച്ച് കേരള പോലീസ് ഇതുവരെ ഒരു വിവരവും പുറത്തു വിട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പണം തട്ടിക്കൊണ്ടുപോയതിന് പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കണക്കില്‍പ്പെടാത്ത പണം കൊണ്ടുവന്നതിന് കേസില്ല. പണം ആരുടേതാണ്?. കോടിക്കണക്കിന് രൂപയാണ്. അതില്‍ ആലപ്പുഴയ്ക്ക് കൊണ്ടുപോയ മൂന്നരക്കോടി രൂപ മാത്രമാണ് പോയത്. ബാക്കി പണം തൃശൂരിലെ ഓഫീസില്‍ കെട്ടിവെച്ച്, തുക മുഴുവന്‍ ചെലവാക്കുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റിനും സംസ്ഥാന നേതാക്കള്‍ക്കും കുഴല്‍പ്പണക്കേസില്‍ പങ്കുണ്ട്. ഇതില്‍ ഇഡി എന്തു നടപടിയാണ് എടുത്തത്. വേറെ ആര്‍ക്കെങ്കിലും എതിരെയാണെങ്കില്‍, ഇഡി, പിഎംഎല്‍എ ആക്ട് എല്ലാം വരും. പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊടകരയിലേത് കള്ളപ്പണമാണെന്ന് മനസ്സിലായിട്ടും ഒരു കേസുപോലും, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട അന്വേഷണം പോലും നടന്നില്ല. സംസ്ഥാന സര്‍ക്കാരിനും പോലീസിനും എല്ലാം വ്യക്തമായി അറിയാം, ഈ ഇടപാടില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ പങ്കാളികളാണെന്ന്. എന്നാല്‍ കേന്ദ്രസര്‍ക്കാരിലോ, കേന്ദ്ര ഏജന്‍സികള്‍ക്കു മീതെയോ ഒരു സമ്മര്‍ദ്ദവും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പൂര്‍ണമായ സംരക്ഷണമാണ് കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകള്‍ നല്‍കുന്നത്. ബിജെപി-സിപിഎം അവിഹിത ബന്ധമാണ് ഇതിനു പിന്നില്‍. ഓരോന്ന് ഓരോന്നായി ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദൂതനായി എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതും, പൂരം കലക്കി ബിജെപി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ എടുത്ത നടപടികള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളാണ് പുറത്തു വരുന്നത്. ഇതിലൊന്നു കൂടിയാണ് കുഴല്‍പ്പണക്കേസ്. സിപിഎമ്മും ബിജെപിയും പരസ്പരം പുറം ചൊറിഞ്ഞുകൊടുത്തുകൊണ്ടിരിക്കുകയാണ്. കള്ളപ്പണക്കേസില്‍ ഗൗരവകരമായ അന്വേഷണം നടക്കണം. ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ ആരോപണം ഇല്ലാതാകുമോയെന്നും വിഡി സതീശന്‍ ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*