നവംബര്‍ 1 തമിഴ്നാട് ദിനമായി ആചരിക്കണമെന്ന് വിജയ്

ചെന്നൈ: ഭാഷാടിസ്ഥാനത്തില്‍ പ്രത്യേക സംസ്ഥാനം നിലവില്‍വന്ന നവംബര്‍ ഒന്ന് തമിഴ്നാട് ദിനമായി ആഘോഷിക്കണമെന്ന് തമിഴക വെട്രിക്കഴകം നേതാവ് വിജയ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ പേര് തമിഴ്നാട് എന്നു മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന ജൂലായ് 18 തമിഴ്നാട് ദിനമായി ആഘോഷിക്കാനാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ മദ്രാസ് സംസ്ഥാനത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവരോടുള്ള ആദരമായി രക്തസാക്ഷി ദിനമായാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ നവംബര്‍ ഒന്ന് ആചരിക്കുന്നത്.

1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപപ്പെട്ടതെന്നും ഈ ദിവസമാണ് തമിഴ്നാട് ദിനമായി ആഘോഷിക്കേണ്ടതെന്നും വിജയ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. മദ്രാസ് സംസ്ഥാനത്തിന്‍റെ പേര് തമിഴ്നാട് എന്നു മാറ്റണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈ 1967 ജൂലായ് 18-നാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്.

1969 ജനുവരി 14-നാണ് സംസ്ഥാനത്തിന്‍റെ പേര് തമിഴ്നാട് എന്നു മാറ്റിയത്. തമിഴിനും തമിഴ്നാടിനും വേണ്ടി രക്തസാക്ഷികളായവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാനുള്ള ദിനമാണ് നവംബര്‍ ഒന്ന് എന്ന് രക്തസാക്ഷിദിന സന്ദേശത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. തമിഴ് സംസാരിക്കുന്നവര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ഈ സംസ്ഥാനത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*