‘കൊടകര കേസില്‍ ഇഡി അന്വേഷണം യുഡിഎഫ് ആവശ്യപ്പെടാത്തത് ബിജെപി ഡീല്‍ കാരണം; കേരള പോലീസിന് പരിമിതിയുണ്ട്’

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ തുടരന്വേഷണത്തിന് തീരുമാനിച്ചിരിക്കുകയാണെന്നും, അന്വേഷണത്തില്‍ കൃത്യമായ വസ്തുതകള്‍ വെളിച്ചത്തു വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ ഇഡിയാണ് ഇടപെടേണ്ടിയിരുന്നത്. കേരള പോലീസിന് ഈ കേസില്‍ പരിമിതിയുണ്ട്. എന്നാല്‍ ഇഡി ഇടപെടണമെന്ന് യുഡിഎഫോ, പ്രതിപക്ഷ നേതാവ് വിഡി സതീശനോ കെപിസിസി പ്രസിഡന്റ് കെ സുധാകരനോ തയ്യാറായിട്ടില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കുന്നത് ആരാണെന്ന് പകല്‍പോലെ വ്യക്തമാണ്. എന്തുകൊണ്ടാണ് ഈ കേസ് ഇഡി എടുക്കുന്നില്ല എന്ന് അവരാരും ചോദിക്കുന്നില്ല. പകരം ഇടതുമുന്നണി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. അത് ബോധപൂര്‍വമാണ് യഥാര്‍ത്ഥത്തില്‍ ഇഡിയും ആദായനികുതി വകുപ്പും ഈ കേസ് എടുക്കാതിരിക്കുന്നതിന്റെ കൃത്യമായ അര്‍ത്ഥം, ബിജെപി എന്താണോ തീരുമാനിക്കുന്നത് ആ തീരുമാനം അക്ഷരം പ്രതി നടപ്പാക്കുന്ന ഏജന്‍സിയാണ് ഇഡിയും ഐടിയും എന്നത്. ജനങ്ങള്‍ക്ക് അതു മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പണച്ചാക്ക് എന്നു കേട്ടിട്ടുണ്ട്. ഇത് ചാക്കില്‍ കെട്ടിക്കൊണ്ടുവന്ന കോടിക്കണക്കിന് രൂപയാണ് വന്നത്. ബിജെപി ഓഫീസില്‍ ഇറക്കിയിട്ടാണ് പോയത്. അതില്‍ നിന്നും ഒരു ഭാഗമാണ് യഥാര്‍ത്ഥത്തില്‍ കൊടകര കേസുമായി ബന്ധപ്പെട്ട് പിടിച്ചുപറിച്ചു കൊണ്ടുപോയ കേസുണ്ടാകുന്നത്. ഇപ്പോള്‍ ഇത്ര കോടി രൂപ വന്നുവെന്ന് ബിജെപി ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീശനാണ് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം കൊടകര കേസില്‍ തുടരന്വേഷണത്തിന് ആവശ്യപ്പെട്ടതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*