ഇനി മത്സരിക്കാനില്ല; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശരദ് പവാര്‍

മുംബൈ: രാജ്യസഭാ കാലാവധി അവസാനിക്കാന്‍ പതിനെട്ടുമാസം ബാക്കി നില്‍ക്കെ, ഇനി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന പ്രഖ്യാപനവുമായി എന്‍സിപി മേധാവി ശരദ് പവാര്‍. പവാര്‍ കുടുംബാംഗങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്ന പശ്ചിമ മഹാരാഷ്ട്രയിലെ ബാരാമതിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപനം ശരദ് പവാര്‍ നടത്തിയത്.

1999ലാണ് കോണ്‍ഗ്രസ് വിട്ട് ശരദ് പവാര്‍ എന്‍സിപി സ്ഥാപിച്ചത്. ‘ ‘എന്റെ കൈയില്‍ അധികാരമില്ല. രാജ്യസഭാ കാലാവധി പൂര്‍ത്തിയാകാന്‍ പതിനെട്ടുമാസം മാത്രമാണ് ബാക്കിയുള്ളത്. അതിന് ശേഷം ഞാന്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല’ പവാര്‍ പറഞ്ഞു. തന്നെ പതിനാലുതവണ എംപിയും എംഎല്‍എയും ആക്കിയതിന് ബാരാമതിയിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും പവാര്‍ പറഞ്ഞു.

പുതിയ തലമുറയെ ഉത്തരവാദിത്വം ഏല്‍പ്പിക്കേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞ പവാര്‍ ജനങ്ങളെ സേവിക്കുന്നത് തുടരാന്‍ ഇനി തനിക്ക് ഒരു തെരഞ്ഞെടുപ്പിലും വിജയിക്കേണ്ടതില്ലെന്നും ജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനം ഇനിയും തുടരുമെന്നും പറഞ്ഞു. ’30 വര്‍ഷം മുന്‍പ് ഞാന്‍ സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറി ദേശീയരാഷ്ട്രീയരംഗത്തേക്ക് പോയി. സംസ്ഥാനത്തിന്റെ എല്ലാ ഉത്തരവാദിത്വവും അജിത് പവാറിന് നല്‍കി. അടുത്ത 30 വര്‍ഷത്തേക്ക് ഇതില്‍ മാറ്റമുണ്ടാകണമെന്നും’ പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ വരേണ്ട നിരവധി വന്‍കിട പദ്ധതികള്‍ ബിജെപി സര്‍ക്കാര്‍ ഗുജറാത്തിലേക്ക് കൊണ്ടുപോയി. ഇവിടെ അധികാരത്തിലിരിക്കുന്നവര്‍ സംസ്ഥാനത്തിന്റെ വികസനം ശ്രദ്ധിക്കുന്നില്ല. രാജ്യത്തെ വികസനം മുഴുവന്‍ ഗുജറാത്തിന് മാത്രമായി പോകുകയാണെങ്കില്‍ നിങ്ങള്‍ എന്തിനാണ് അധികാരത്തില്‍ തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ മാറണം. അല്ലാതെ മറ്റൊരു വഴിയുമില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പ്രതിനിധിയെയാണ് തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് തവണ എംഎല്‍എയായ അജിത് പവാറിന്റെ എതിരാളി സഹോദര പുത്രന്‍ യുഗേന്ദ്ര പവറാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുപ്രിയ സുലെയ്ക്കെതിരെ അജിത് പവാര്‍ ഭാര്യ സുനേത്രയെ മത്സരിപ്പിച്ചെങ്കിലും ജയിക്കാനായില്ല. നവംബര്‍ 20 ന് ഒറ്റ ഘട്ടമായാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്. നവംബര്‍ 23നാണ് വോട്ടെണ്ണല്‍.

Be the first to comment

Leave a Reply

Your email address will not be published.


*