ഈ ട്രോളി നിറയെ പണം ഉണ്ടായിരുന്നെങ്കില്‍; നീല ട്രോളി ബാഗുമായി രാഹുലിന്റെ വാര്‍ത്താ സമ്മേളനം; ആരോപണങ്ങള്‍ക്ക് മറുപടി

പാലക്കാട്: തന്റെ ട്രോളി ബാഗില്‍ ഒരു രൂപയുണ്ടെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പോലീസിന് എന്തുശാസ്ത്രീയ പരിശോധനയും നടത്താമെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പോലീസിനെ വെല്ലുവിളിക്കുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നീല ട്രോളി ബാഗുമായി എത്തിയായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം.

ഒപ്പമുണ്ടാകുന്നവരാണ് സാധാരണ ബാഗ് പിടിക്കാറുള്ളതെന്ന് രാഹുല്‍ പറഞ്ഞു. ഹോട്ടലില്‍ പോകുമ്പോള്‍ പെട്ടിയല്ലാതെ പിന്നെ എന്താണ് കൊണ്ടുപോകുക. ഇന്നലെ രാത്രി കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരെ കാണാന്‍ പോകുന്നതിനായി നല്ല ഡ്രസ് ഉണ്ടോ എന്നുനോക്കാനായി ഇതേ ബാഗ് ഹോട്ടലിലെ ബോഡ് റൂമില്‍ വച്ചും തുറന്നിരുന്നു ആ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കട്ടെ. എന്നിട്ടും സംശയം മാറുന്നില്ലെങ്കില്‍ പോലീസിന് ഈ പെട്ടി കൈമാറാം. ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കാം.

കെപിഎം ഹോട്ടലിന്റെ മുന്‍പിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. അതില്‍ നോക്കിയാല്‍ കാണാം താന്‍ എപ്പോഴാണ് വന്നതെന്നും പുറത്തുപോയതെന്നും. താന്‍ ഹോട്ടലിന്റെ പിന്‍ഭാഗത്തുകൂടി ഓടിപ്പോയെന്ന് തെളിയിച്ചാലും തന്റെ പ്രചാരണം ഇവിടെ വച്ച് അവസാനിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.

പരിശോധന സംബന്ധിച്ച് സിപിഎം നേതാക്കള്‍ പറയുന്നതില്‍ അടിമുടി വൈരുദ്ധ്യമുണ്ട്. ആദ്യം എഎ റഹീം എംപി പറഞ്ഞത് എല്‍ഡിഎഫ് പരാതിയിലാണ് പരിശോധനയെന്ന് പറഞ്ഞു. തൊട്ടുപിന്നാലെ ടിവി രാജേഷിന്റെ അടക്കം മുറി പരിശോധിച്ചെന്നും പറഞ്ഞു. എന്നാല്‍ എഎസ്പി പറഞ്ഞത് പതിവുപരിശോധനയാണെന്നും തുടര്‍ പരിശോധന ഇല്ലെന്നുമാണ് പറഞ്ഞത്. എല്‍ഡിഎഫിന്റെ എല്ലാവാദങ്ങളും പൊളിയുകയാണ്. കമ്യൂണിസ്റ്റ് ജനാധിപത്യപാര്‍ട്ടിയോടാണ് തങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നതെന്നും രാഹുല്‍ പറഞ്ഞു.

പോലീസ് റെയ്ഡിന്റെ സമയത്ത് എല്ലാവരും മുറി തുറന്നുകൊടുത്തു. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നതിനാല്‍ വനിതാ നേതാവായ ബിന്ദു കൃഷ്ണയും മുറി തുറന്നുനല്‍കി. എന്നാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഷാനിമോളുടെ മുറിയിലേക്ക് രാത്രി പന്ത്രണ്ടരയാകുമ്പോള്‍ നാല് പുരുഷ പോലീസുകാര്‍ ചെന്നു. മുറി പരിശോധിക്കണം എന്നുപറഞ്ഞപ്പോള്‍ വനിതാ പോലീസിന്റെ സാന്നിധ്യത്തിലേ പരിശോധിക്കാനാവൂ എന്നാണ് ഷാനിമോള്‍ പറഞ്ഞത്. അവര്‍ ഒളിച്ചോടുകയായിരുന്നില്ല. പിന്നീട് വനിതാ പോലീസുകാര്‍ വന്ന് നടത്തിയ പരിശോധനയില്‍ ഒന്നുമില്ലെന്ന് കണ്ടെത്തുന്നു. ബിജെപിയുടെ വനിതാ നേതാക്കന്മാര്‍ വനിതാ പോലീസില്ലാതെ പരിശോധിക്കാന്‍ പറ്റില്ലെന്ന് പറയുമ്പോള്‍ പോലീസിന് പരിശോധിക്കുകയും വേണ്ട, സിപിഎമ്മിന് സമരവും ചെയ്യേണ്ട.

ഇവിടെ ഏറ്റവും കുറവ് ഫ്‌ളെക്‌സുകള്‍ എന്റേതാണ്. ഒരു ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കില്‍ അതുപയോഗിച്ച് ഹോര്‍ഡിങ്‌സ് അടിച്ചാല്‍ മതിയായിരുന്നല്ലോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*