ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ ഒരു പൈസ കുറഞ്ഞതോടെ വീണ്ടും സര്‍വകാല റെക്കോര്‍ഡ് തിരുത്തി പുതിയ താഴ്ച രേഖപ്പെടുത്തി. 84 രൂപ 38 പൈസയായാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84 രൂപ 38 പൈസ നല്‍കണം.
ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്ക് ഉള്ള ഒഴുക്ക് തുടരുന്നതാണ് രൂപയെ ബാധിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് ഇനിയും തുടര്‍ന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് തുടരാമെന്നും വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച അഞ്ചുപൈസ കുറഞ്ഞതോടെ 84.37 എന്ന സര്‍വ്വകാല റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിച്ചത്. തുടര്‍ന്ന് ഇന്നും ഇടിവ് തുടരുകയായിരുന്നു.
ഒക്ടോബറില്‍ മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1200 കോടി ഡോളറാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. അതിനിടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയിലും ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്സ് 484 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, ടാറ്റ സ്റ്റീല്‍ അടക്കമുള്ള ഓഹരികളാണ് നഷ്ടം നേരിട്ടത്.
Be the first to comment