തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി പൊതുമേഖല സ്ഥാപനത്തിന്റെ ഹൈടെക് ചാർജിങ് സ്റ്റേഷനുകൾ വരുന്നു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡാകും സംസ്ഥാന വ്യാപകമായി ‘ടേക്ക് എ ബ്രേക്ക്’ മാതൃകയിൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുക.
ഫ്രാഞ്ചൈസികൾ മുഖേന ആരംഭിക്കുന്ന വിശ്രമ കേന്ദ്രങ്ങളിൽ എസി, വൈഫൈ, മൊബൈൽ ചാർജിങ്, കോഫി ഷോപ്പ്, വാഷ്റൂം, റെസ്റ്റോറന്റ് – ബേക്കറി എന്നീ സൗകര്യങ്ങളുണ്ടാകുമെന്ന് കെഎസ്ഇബി പ്രൊജക്ട്സ് ചീഫ് എഞ്ചിനീയർ പ്രസാദ് പറഞ്ഞു
ദേശീയ പാതയ്ക്ക് ഇരുവശവും 1000 ചതുരശ്ര അടി സ്ഥലത്താകും ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുക. ഇതിനായി നവംബർ മാസത്തിൽ തന്നെ താത്പര്യ പത്രം ക്ഷണിക്കും. ഡിസംബറോടെ കരാറുകരെ തീരുമാനിക്കും.
സംസ്ഥാനത്താകെ 1654 ചാർജിങ് സ്റ്റേഷനുകളാണ് കേരളത്തിലുള്ളത്. ഇതിൽ 1169 എണ്ണം ഇലക്ട്രിക് പോസ്റ്റുകളിൽ ക്രമീകരിച്ച പോൾ മൗണ്ടിങ് ചാർജിങ് സ്റ്റേഷനുകളാണ്. 485 സ്വകാര്യ ചാർജിങ് സ്റ്റേഷനുകളുമുണ്ട്. ആകെ 1,38,014 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്തെ നിരത്തുകളിലുള്ളത്.
2030 ഓടെ ഇത് 15 ലക്ഷത്തോളമായി ഉയരുമെന്നാണ് കെഎസ്ഇബിയുടെ തന്നെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാർജിങ് സ്റ്റേഷനുകളെ ജനകീയമാക്കാനുള്ള കെഎസ്ഇബിയുടെ നീക്കം. സ്വകാര്യ ചാർജിങ് സ്റ്റേഷൻ ആരംഭിക്കുന്നവർക്ക് അനർട്ട് സാമ്പത്തിക സഹായവും നൽകുന്നുണ്ട്.
Be the first to comment