ഇന്ത്യയുടെ ലോംഗ്-റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്‍റെ ആദ്യ പരീക്ഷണം വിജയകരം

ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ) ആദ്യ ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിൻ്റെ (എൽആർഎൽഎസിഎം) പരീക്ഷണം വിജയകരം. ചൊവ്വാഴ്ച ഒഡീഷ തീരത്ത് ചാന്ദിപൂരിലെ ഇൻ്റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിൽ (ഐടിആർ) നടന്ന പരീക്ഷണം വിജയം കണ്ടു. മൊബൈൽ ആർട്ടിക്യുലേറ്റഡ് ലോഞ്ചർ ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്.

റഡാർ, ഇലക്‌ട്രോ-ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്‌റ്റം, മിസൈലിന്‍റെ ഫ്ലൈറ്റ് പാതയിൽ വിന്യസിച്ചിരുന്ന ടെലിമെട്രി ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സെൻസറുകളുടെ ഒരു ശ്രേണിയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. വേ പോയിന്‍റിന്‍റെ നാവിഗേഷൻ ഉപയോഗിച്ച് മിസൈൽ കൃത്യമായ പാത പിന്തുടർന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

വിപുലമായ ഏവിയോണിക്‌സും സോഫ്‌റ്റ്‌വെയറും ഉപയോഗിച്ചാണ് എൽആർഎൽഎസിഎം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഹൈദരാബാദിലെ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും (ബിഡിഎൽ) ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബിഇഎൽ) ആണ് പങ്കാളികള്‍.

മൊബൈൽ ആർട്ടിക്യുലേറ്റഡ് ലോഞ്ചർ ഉപയോഗിച്ച് മൊബൈൽ ഗ്രൗണ്ട് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമുകളിൽ നിന്നും സാർവത്രിക ലംബ വിക്ഷേപണ മൊഡ്യൂൾ സംവിധാനം വഴി ഫ്രണ്ട്‌ലൈൻ കപ്പലുകളിൽ നിന്നും വിക്ഷേപിക്കാനാവും വിധമാണ് മിസൈൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പരീക്ഷണത്തില്‍ ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞരും മൂന്ന് ഇന്ത്യൻ സായുധ സേവനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. ഡിആർഡിഒ, ഇന്ത്യൻ സായുധ സേന, വ്യവസായ പങ്കാളികൾ എന്നിവരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. ഭാവിയിൽ തദ്ദേശീയ ക്രൂയിസ് മിസൈൽ പ്രോഗ്രാമുകളുടെ വികസനത്തിന് ഇത് കാരണമാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*