ഇ പി ജയരാജന്റെ ആത്മകഥ വിവാദം; ഉപതിരഞ്ഞെടുപ്പിന് ശേഷം വിശദമായി പരിശോധിക്കാൻ സിപിഐഎം

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഉലഞ്ഞ് പാർട്ടി. തള്ളിപ്പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ ഭാഗങ്ങൾ പാർട്ടിയെ തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. വിവാദഭാഗങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ ഇതേ ഉള്ളടക്കത്തോടെ പുസ്തകം പ്രസിദ്ധീകരിക്കുമായിരുന്നോ? വിവാദ ഉള്ളടക്കം തയ്യാറാക്കിയതാര് ? തിരഞ്ഞെടുപ്പ് ദിനത്തിൽ ചോർന്നത് എങ്ങനെ? ഇക്കാര്യങ്ങൾ സിപിഐഎം പരിശോധിക്കുന്നുണ്ട്. ഉപ തിരഞ്ഞെടുപ്പിന് ശേഷം വിശദമായ പരിശോധനയിലേക്ക് കടന്നാൽ മതിയെന്ന് നിലവിലെ തീരുമാനം. ഇ പി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട ആവശ്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കുറിപ്പുകൾ തയ്യാറാക്കാൻ ഇ പി സഹായം തേടിയ ദേശാഭിമാനി ലേഖകനോടും സിപിഐഎം വിശദീകരണം ചോദിച്ചിട്ടില്ല.

അതിനിടെ ആത്മകഥാ കുറിപ്പുകൾ തയ്യാറാക്കിയതിൽ പാർട്ടി വിശദീകരണം തേടിയെന്ന വാർത്ത, ദേശാഭിമാനി ലേഖകകൻ എം രഘുനാഥ് നിഷേധിച്ചു. വിവാദങ്ങളിൽ ഗൂഢാലോചന ആരോപിച്ച് ഇ പി ജയരാജൻ ഡിജിപിക്ക് നൽകിയ പരാതി ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രാഹാമിന് കൈമാറി. വിവാദങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഡി സി ബുക്സ് തയ്യാറായിട്ടില്ല.

അതേസമയം, ആത്മകഥ പ്രസിദ്ധീകരിക്കാൻ താൻ ആരെയും ചുമതലപെടുത്തിയിട്ടില്ലെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. താൻ എഴുതിയ ആത്മകഥ ഉടൻ വരും. വഴി വിട്ട എന്തോ നടന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്‍റെ ആത്മകഥ ഞാൻ ഇപ്പോഴും എഴുതി കൊണ്ടിരിക്കുന്നു, ആര്‍ക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ല ഡി സിയും മാതൃഭൂമിയും സമീപിച്ചിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു. കൂലിക്ക് എഴുതിക്കുന്നില്ല, ഞാനാണ് എഴുതുന്നത് എന്നും ഇ പി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*