‘ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായി കാണണം’; നാളെ ഉച്ചയ്ക്ക് ഒരുമണി മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തര്‍ക്ക് പ്രവേശനം

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് ഉത്സവത്തിനായി വെള്ളിയാഴ്ച വൈകീട്ട് ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. ഉത്സവകാലം സുരക്ഷിതമാക്കുന്നതിന് ഭക്തജനങ്ങള്‍ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും കേരള പോലീസ് അഭ്യര്‍ഥിച്ചു.

അതിനിടെ, ഇക്കൊല്ലത്തെ ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ അദ്ദേഹം പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി.

തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിന് പോലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സുഗമമായ ദര്‍ശനം നടത്തുന്നതിന് ആവശ്യമായ സഹായം നല്‍കലാണ് പോലീസിന്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ഥാടനകാലത്ത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായിത്തന്നെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈല്‍ ഫോണ്‍ മോഷണം, ലഹരി പദാര്‍ഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ തടയുന്നതിനും പ്രത്യേകശ്രദ്ധ ചെലുത്തണം. പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിര്‍ത്തിയിടാന്‍ അനുവദിക്കരുത്. ജോലിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട താമസ – ഭക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ ഡിജിപി എസ് ശ്രീജിത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെട്ട ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള താമസ – ഭക്ഷണസൗകര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നേരിട്ടു സന്ദര്‍ശിച്ചു വിലയിരുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*