മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; 450 കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ മദ്യപിച്ച് ജോലിക്കെത്തിയതുമായി ബന്ധപ്പെട്ട് ഇതുവരെ 450 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാന്‍ മാര്‍ച്ചിലാണ് പരിശോധന ആരംഭിച്ചത്. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് നടപടികളെ കുറിച്ച് മന്ത്രി വിശദീകരിച്ചത്.

ബദല്‍ ജീവനക്കാര്‍ മദ്യപിച്ച് പിടിക്കപ്പെട്ടാല്‍ പിന്നീട് ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് 90 ദിവസം കഴിഞ്ഞാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനാകും. കര്‍ശനമായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോയപ്പോള്‍ ഒരാളെ പോലും മദ്യപിച്ചതിന് പിടികൂടാത്ത ദിവസവുമുണ്ടായി എന്നും മന്ത്രി പറഞ്ഞു.

മുന്‍പ് 9 പേരോളം അപകടത്തില്‍ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ആഴ്‌ചയില്‍ ഏതാണ്ട് 48 മുതല്‍ 58 വരെ റോഡപകടങ്ങള്‍ ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ ആഴ്‌ചയില്‍ ശരാശരി റോഡപകടങ്ങള്‍ 38 ആയി കുറഞ്ഞു.

അടുത്തിടെ പല ആഴ്‌ചകളിലും അപകട മരണമുണ്ടാകാറില്ല. ഒരാള്‍ കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചാല്‍ കേസ് നടത്താനും മറ്റുമായി 50 ലക്ഷം രൂപയോളം ചെലവുണ്ട്. മദ്യപിച്ച് ജോലിക്ക് വരുന്നവര്‍ക്കും പണം അടിച്ചുമാറ്റുന്നവര്‍ക്കും ശുപാര്‍ശയുമായി ട്രേഡ് യൂണിയനുകളോ പ്രമുഖരും ഇടപെടില്ല. ഇത്തരം ശുപാര്‍ശകള്‍ക്ക് കെഎസ്ആര്‍ടിസി കാത് കൊടുക്കില്ലെന്നും മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ടിക്കറ്റ് പരിശോധന യാത്രക്കാരന്‍റെ അവകാശം

ടിക്കറ്റ് പരിശോധന യാത്രക്കാരന്‍റെ അവകാശമാണെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. കണ്ടക്‌ടര്‍മാര്‍ യാത്രകാര്‍ക്ക് കൃത്യമായി ടിക്കറ്റും ബാലന്‍സ് തുകയും നല്‍കണം. പണം നല്‍കിയാല്‍ യാത്രക്കാര്‍ ഉറപ്പായും ടിക്കറ്റ് വാങ്ങാന്‍ ശ്രദ്ധിക്കണം. ഡിജിറ്റല്‍ പേയ്‌മെന്‍റ് വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.

ടിക്കറ്റിന് പണം നല്‍കിയാല്‍ ടിക്കറ്റ് വാങ്ങി പരിശോധിക്കാനുള്ള അവകാശം യാത്രക്കാരനുണ്ട്. ദൂര യാത്രകള്‍ക്കിടെ ചിലര്‍ സീറ്റ് റിസര്‍വ് ചെയ്‌ത ശേഷം യാത്രയ്ക്ക് എത്തില്ല. ഈ ടിക്കറ്റ് മറിച്ചു വില്‍ക്കുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതും പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*