‘പ്രധാനമന്ത്രി അദാനിയുടെ സംരക്ഷകൻ, 2000 കോടിയുടെ അഴിമതി നടന്നിട്ട് അന്വേഷണമില്ല’; രാഹുൽ ഗാന്ധി

ഗൗതം അദാനി ഇന്ത്യൻ-അമേരിക്കൻ നയങ്ങൾ ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മോദിയും അദാനിയും ചേർന്ന് 2000 കോടിയുടെ അഴിമതി നടത്തി. അഴിമതിക്ക് പിന്നിൽ ഒരു വ്യക്തി അല്ല. ഇതിന് പിന്നിലെ നെറ്റ്‌വർക്കിനെ കോൺഗ്രസ്‌ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ ആവശ്യപ്പെടുന്ന അന്വേഷണത്തെ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2000 കോടി അഴിമതി നടന്നിട്ട് അന്വേഷണമോ അറസ്റ്റോ ഇല്ല. ഇന്ത്യയിൽ അദാനി സുരക്ഷിതനാണ്. മോദി അദാനിക്ക് പിന്നിൽ ഉണ്ട്. അദാനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. ഇതിന് പിന്നിൽ ഉള്ളവരെയും അറസ്റ്റ് ചെയ്യണം. പ്രധാനമന്ത്രിയുടെ ഫണ്ടിംഗിന് പിന്നിൽ അദാനിയാണ്. അതുകൊണ്ട് ആണ് മോദി ഒന്നും ചെയ്യാത്തത്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഈ വിഷയങ്ങൾ തകർത്തുവെന്നും രാഹുൽ ഗാന്ധി  പറഞ്ഞു.

അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കൈക്കൂലി, വഞ്ചന കുറ്റങ്ങൾ ചുമത്തിയിരുന്നു. സൗരോ‍ർജ കരാറുകൾ ലഭിക്കാനായി ഗൗതം അദാനി, ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു. കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചു. അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആൻ്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*