വയനാട്ടില്‍ വൻ ലീഡുമായി പ്രിയങ്ക; 4 ലക്ഷത്തിലേറെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് മികച്ച ലീഡ്. ആദ്യ മണിക്കൂറിലെ ഫലപ്രകാരം പ്രിയങ്ക 53510 വോട്ടിന്‍റെ ഭൂരിപക്ഷം പിന്നിട്ടു. തപാല്‍ വോട്ടുകള്‍, ഹോം വോട്ടുകള്‍ എന്നിവയ്‌ക്ക് പിന്നാലെ വയനാട്ടില്‍ മെഷീൻ വോട്ടുകളും എണ്ണിത്തുടങ്ങി. പ്രിയങ്ക ഗാന്ധിക്ക് 4 ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് അവകാശപ്പെട്ടുന്നത്.

മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുന്നത്.

നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്‍റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്‍റ് മേരീസ് എല്‍പി സ്‌കൂളിലുമാണ് എണ്ണുന്നത്.

അതേസമയം, നവംബർ 13-നു നടന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ മുള്‍മുനയിൽ നിർത്തുന്നു. 64.71 ശതമാനം ആയിരുന്നു ഇക്കുറി പോളിങ്. ഏപ്രിലിൽ 73.57 ശതമാനം പോളിങ്ങുണ്ടായ സ്ഥാനത്താണിത്. പോളിങ്ങിലെ കുറവ് തങ്ങളുടെ രാഷ്ട്രീയവോട്ടുകളെ ബാധിച്ചില്ലെന്നും എതിരാളികൾക്കാണ് ക്ഷീണമുണ്ടാക്കുകയുമെന്ന പ്രചാരണത്തിലാണ് മുന്നണികൾ.

 

Be the first to comment

Leave a Reply

Your email address will not be published.


*