പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ ഗവർണർക്ക് പരാതി നൽകി എബിവിപി. പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതർക്ക് സംഭവിച്ച വീഴ്ച പരിശോധിക്കണമെന്നാണ് ആവശ്യം. സിഎംഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു എ സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെയും ബുധനാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽവിട്ടു. മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
രാവിലെ പതിനൊന്നരയോടെയാണ് മൂന്ന് പ്രതികളെയും പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി ബുധനാഴ്ച രാവിലെ 11 മണിവരെ കസ്റ്റഡി അനുവദിച്ചു. കസ്റ്റഡി നൽകരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. പത്തനാപുരം സ്വദേശിനി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത , കോട്ടയം സ്വദേശിനി അഞ്ജന എന്നിവരാണ് കേസിലെ പ്രതികൾ. മൂന്നുപേർക്കും എതിരെ നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
കസ്റ്റഡിയിലുള്ള പ്രതികളെ അന്വേഷണസംഘം വരും ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യും. അതിനുശേഷം ആയിരിക്കും തെളിവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കണോ എന്ന കാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക.
Be the first to comment