സഞ്ചാരികളുടെ പറുദീസ തണുത്തു വിറക്കുന്നു; ജമ്മു കശ്‌മീരിൽ കൊടും ശൈത്യം

ശ്രീനഗർ: സഞ്ചാരികളുടെ പറുദീസ എന്നൊക്കെ വിശേഷിപ്പിക്കാറുള്ള സ്ഥലമാണ് ജമ്മു കശ്‌മീർ. മഞ്ഞും തണുപ്പും ഒക്കെ ആസ്വദിക്കാനാണ് സഞ്ചാരികൾ കശ്‌മീരിൽ എത്താറുള്ളതും. എന്നാൽ പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെ തണുത്തു വിറക്കുകയാണ് ജമ്മു കശ്‌മീരിലെ പല പ്രദേശങ്ങളും.

മഞ്ഞുകാലം ആരംഭിച്ചതോടെ പല താഴ്വരകളിലും പൂജ്യം ഡിഗ്രിയിൽ താഴെ താപനില രേഖപ്പെടുത്തി. ശ്രീനഗറിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം അനുസരിച്ച് ഷോപ്പിയാൻ കശ്‌മീർ താഴ്‌വരയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമായി മാറിക്കഴിഞ്ഞു. ലഡാക്കിലെ ന്യോമ -14.7°C സെൽഷ്യസിൽ നിന്ന് വിറയ്ക്കുമ്പോൾ ഷോപിയാനിൽ -3.3° സെൽഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

-2.7 ഡിഗ്രി സെൽഷ്യസ് ആണ് പഹൽഗാമിലെ താപനില. ഗുൽമാർഗും സോനാമാർഗും -2.4° സെൽഷ്യസിലെത്തി നിൽക്കുന്നു. ജമ്മു കശ്‌മീരിൻ്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ 0.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. തെക്കൻ കശ്‌മീരിലും അനന്ത്നാഗിലും പുൽവാമയിലും -2.0 ഡിഗ്രി സെൽഷ്യസ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി.

വടക്കൻ കശ്‌മീരിൽ കുപ്‌വാരയിൽ -0.8°C, ബന്ദിപ്പോരയിൽ -1.3°C, ബാരാമുള്ളയിൽ 0.3°C എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. അതേസമയം, സെൻട്രൽ കശ്‌മീരിൽ ഗന്ദേർബൽ -0.3°C, ബുഡ്‌ഗാം -1.2°C എന്നിങ്ങനെ രേഖപ്പെടുത്തി. ജമ്മു ഡിവിഷനിൽ 12.6°C ഏറ്റവും കുറഞ്ഞ താപനിലയുള്ള കത്വവ തണുപ്പിൽ ഒന്നാമതെത്തി.

ജമ്മു നഗരത്തിൽ 10.6 ഡിഗ്രി സെൽഷ്യസും ബനിഹാൽ, ബാറ്റോട്ട്, കത്ര എന്നിവിടങ്ങളിൽ യഥാക്രമം 5.4 ഡിഗ്രി സെൽഷ്യസും 4.5 ഡിഗ്രി സെൽഷ്യസും 10.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. ഉധംപൂരിൽ 5.2 ഡിഗ്രി സെൽഷ്യസും രജൗരിയിലും പൂഞ്ചിലും യഥാക്രമം 3.9 ഡിഗ്രി സെൽഷ്യസും 10.6 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. 2.2 ഡിഗ്രി സെൽഷ്യസാണ് ഭദെർവയിൽ അനുഭവപ്പെട്ടത്. എന്തായാലും മഴ ഇല്ലാത്ത തെളിഞ്ഞ കാലാവസ്ഥയാണ് കശ്‌മീരിൽ നിലവിലുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*