പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട്; കെ.എ.പി 4 ബറ്റാലിയനിൽ ഉദ്യോഗസ്ഥരെ കഠിന പരിശീലനത്തിനയക്കും

ശബരിമല പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പോലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാവില്ല. ശിക്ഷാനടപടി എന്നോണം 25 പോലീസുദ്യോഗസ്ഥരെയും നാല് ദിവസം കെ.എ.പി 4 ബറ്റാലിയനിൽ കഠിന പരിശീലനത്തിനയക്കും. പിന്നാലെ 10 ദിവസം ശബരിമല പരിസരം വൃത്തിയാക്കണം. ഈ ജോലി ചെയ്യുന്ന വിശുദ്ധി സേനയ്ക്കൊപ്പം പ്രവർത്തിക്കണം എന്നാണ് നിർദ്ദേശം. അവധിയിൽ പോയിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിപ്പിച്ച് എ.ഡി.ജി.പി വിശദീകരണം തേടിയിരുന്നു. സന്നിധാനം സ്പെഷ്യൽ ഓഫീസർ നൽകിയ റിപ്പോർട്ടിൻ്റെ കൂടി പശ്ചാത്തലത്തിലാണ് ശുപാർശ. റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

ശുപാർശ ഹൈക്കോടതി അംഗീകരിച്ചില്ലെങ്കിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടായേക്കും. പോലീസുകാരുടേത് ആചാര ലംഘനമാണെന്നായിരുന്നു ആരോപണം. പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ചശേഷം പതിനെട്ടാം പടിയുടെ താഴെ മുതൽ വരിവരിയായി നിന്ന് ഫോട്ടോ എടുത്തത്. അതേസമയം, സന്നിധാനത്തെ ഡ്യൂട്ടികഴിഞ്ഞ് എത്തിയ ഉദ്യോഗസ്ഥരെ അവധിയിൽ നിന്ന് തിരിച്ചു വിളിച്ച് വരുത്തി വിശദീകരണം തേടിയ സംഭവത്തിൽ പോലീസ് അസോസിയേഷൻ അതൃപ്തി അറിയിച്ചു. കഠിന ജോലി ചെയ്തവരെ തിരികെ വിളിച്ചതിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*