അന്താരാഷ്ട്ര സ്റ്റുഡൻ്റ് വിസ ഫീസ് കുത്തനെ ഉയർത്തിയ ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഏതാണ്ട് 3893 രൂപയായിരുന്ന ഫീസ് 87731 രൂപയായാണ് വർധിപ്പിച്ചത്.2024 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഓസ്ട്രേലിയ ഇത് നടപ്പാക്കിയത്. വിഷയത്തിൽ ഓസ്ട്രേലിയൻ സർക്കാരിൻ് ഇന്ത്യ പ്രതിഷേധം അറിയിച്ച് കത്ത് നൽകിയെന്ന് രാജ്യസഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർതി വർധൻ സിങ് പറഞ്ഞു.
വിഷയത്തിൽ ഓസ്ട്രേലിയൻ സർക്കാരിലെ പ്രതിനിധികളുമായി ഇന്ത്യ ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് മറ്റ് പല പ്രശ്നങ്ങളും ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധം വിദ്യാഭ്യാസ രംഗത്ത് ശക്തിപ്പെടുത്തി കൊണ്ടുതന്നെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാണ് ശ്രമമെന്ന് മന്ത്രി രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യയിലെ മാത്രമല്ല വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഫീസ് വർധന ശക്തമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഓസ്ട്രേലിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയയിലെ സ്റ്റുഡൻ്റ് ഫീസ് വർധന വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഓസ്ട്രേലിയയിൽ പഠിക്കുന്ന വലിയ വിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് ജീവിത ചെലവ് കൂടിയതും പാർട് ടൈം ജോലി ലഭിക്കാനുള്ള പ്രയാസവും വിദ്യാർത്ഥികളെ കൂടുതൽ ബാധിച്ചിട്ടുണ്ട്. പെട്ടെന്നുള്ള ഫീസ് വർധന ഭാവിയിൽ വിദ്യാർത്ഥി കുടിയേറ്റത്തെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്.
Be the first to comment