സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 70 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ പവന് 57,280 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കുതിപ്പുണ്ടായത്.

നവംബര്‍ 14,16,17 ദിവസങ്ങളില്‍ സ്വര്‍ണ വില വളരെ കുറഞ്ഞിരുന്നു. അതേസമയം ഈ മാസത്തിന്‍റെ തുടക്കത്തില്‍ വില പവന് 60,000ത്തിന് അടുത്തെത്തിയിരുന്നു. നവംബര്‍ 1ന് 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.

ഒക്‌ടോബര്‍ അവസാനത്തോടെ കത്തിക്കയറിയ വിലയില്‍ നേരിയ കുറവുണ്ടായതിന്‍റെ ആശ്വാസത്തിലാണ് ഉപഭോക്താക്കള്‍. സെപ്‌റ്റംബര്‍ മാസത്തോടെയാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. സെപ്‌റ്റംബര്‍ 20നാണ് ആദ്യമായി വില 55,000 കടന്നത്. പിന്നീട് വില കുതിച്ചുയരുകയായിരുന്നു. വില ഉയര്‍ന്നതോടെ ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് അത് വന്‍ തിരിച്ചടിയായിരുന്നു.

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണം, വെള്ളി എന്നിവയുടേത് 6 ശതമാനവും പ്ലാറ്റിനത്തിന്‍റേത് 6.4 ശതമാനവുമാണ് കുറച്ചത്. സ്വര്‍ണ വിലയില്‍ സംസ്ഥാനത്തുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ക്ക് പ്രധാന കാരണം രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ്. ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവാണ് ഇന്ത്യ. വര്‍ഷം തോറും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇവിടെ ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും രാജ്യത്തെ സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കപ്പെടും.

എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ അത് ഇന്ത്യയിലും വില കുറയാന്‍ കാരണാമാകില്ല. അതിന് കാരണം രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ്. രാജ്യത്തെ സ്വര്‍ണ വില നിശ്ചയിക്കുന്നതില്‍ ഇവയെല്ലാം പ്രധാന പങ്കുവഹിക്കുന്നുണ്ട്.

നിലവിൽ പ്രാദേശികമായുള്ള ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിലെ സ്വർണത്തിന് വില നിശ്ചയിക്കുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് സാധിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരു ദിവസം തന്നെ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുമുണ്ട്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*