‘രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കുഴച്ച് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിനെ നശിപ്പിക്കുന്നു’; അഫ്രീദി

ബിസിസിഐക്കെതിരെ വിമർശനവുമായി പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കിയെന്നാണ് അഫ്രീദിയുടെ ആരോപണം. തന്റെ എക്‌സ് ഹാൻഡിലിലൂടെയാണ് അഫ്രീദി പ്രതികരിച്ചത്. രാഷ്ട്രീയത്തെ കായികമേഖലയുമായി കൂട്ടിക്കെട്ടി ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കുകയാണ്.

ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് മറ്റ് രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളെ പ്രേരിപ്പിക്കുന്നുവെന്നും ഐസിസിയും അതിന്റെ ഡയറക്ടര്‍ ബോര്‍ഡും ന്യായം ഉയര്‍ത്തിപ്പിടിക്കാനും അവരുടെ അധികാരം ഉറപ്പിക്കാനും സമയമായെന്നും അഫ്രീദി പ്രതികരിച്ചു.

ഹൈബ്രിഡ് മോഡലിനെതിരായ പിസിബിയുടെ നിലപാടിനെ പൂര്‍ണ്ണമായും ഞാൻ പിന്തുണയ്ക്കുകയാണ്. ബിസിസിഐ കാരണമായി ചൂണ്ടിക്കാണിക്കുന്ന മുംബൈ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യ പാകിസ്താനിൽ കളിച്ചിട്ടുണ്ടെന്നും എക്‌സിൽ എഴുതിയ കുറിപ്പിൽ അഫ്രീദി പറഞ്ഞു.

അതേസമയം സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് അറിയിച്ചതോടെയാണ് വേദി സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തത്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്തെ വേദിയിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന നിലപാടിൽ ബിസിസിഐ ഉറച്ച് നിന്നപ്പോൾ മത്സരങ്ങൾ പൂർണമായും രാജ്യത്ത് തന്നെ നടത്തണമെന്നാണ് പാകിസ്താന്‍റെ നിലപാട്

Be the first to comment

Leave a Reply

Your email address will not be published.


*