സാമൂഹ്യ സുരക്ഷ പെന്‍ഷൻ തിരിമറി: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെന്‍ഷനില്‍ തിരിമറി നടന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം. കോട്ടക്കല്‍ നഗരസഭയില്‍ ക്രമക്കേട് വ്യാപകമെന്നും ധനവകുപ്പിൻ്റെ കണ്ടെത്തലിലുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് വിജിലൻസിന് നിര്‍ദേശം നല്‍കി. കൂടാതെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലായിരുന്നു വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നത്.

മരണപ്പെട്ട ഒരാള്‍ ഉള്‍പ്പെടെ ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളില്‍ 38 പേരും അനര്‍ഹരാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നതായും ധനവകുപ്പ് അറിയിച്ചു. ബിഎംഡബ്ല്യു കാര്‍ ഉടമകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ പട്ടികയിലുള്ളതായി കണ്ടെത്തി. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടിഷണര്‍ ഉള്‍പ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതല്‍ വലുപ്പമുള്ളതാണെന്നും കണ്ടെത്തി.

ഒരു വാര്‍ഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനു പിന്നില്‍ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോട്ടയ്ക്കല്‍ നഗരസഭയിലെ മുഴുവന്‍ സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കളുടെയും അര്‍ഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് നഗരസഭക്ക് നിര്‍ദേശം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോടും ധനവകുപ്പ് ആവശ്യപ്പെട്ടു.

അനര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ വിലയിരുത്തല്‍ നടത്താന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കുമെന്നും ധനവകുപ്പ് അറിയിച്ചു. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം 1458 പേരാണ് പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയിട്ടുള്ളത്.

അതേസമയം ആധാര്‍കാര്‍ഡ് ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കിയതും ഇത് ദുരുപയോഗം ചെയ്‌തതും. ഇങ്ങനെ ലഭിച്ച ഡാറ്റ ഉപയോഗിച്ച് തിരിമറി നടത്തുകയായിരുന്നുവെന്നും കണ്ടെത്തലുണ്ട്. ഒരു വര്‍ഷത്തല്‍ കൂടുതല്‍ തുക കൈപ്പറ്റാത്തവരുടെ ലിസ്റ്റും ലഭ്യമാക്കാൻ ഈ ഡാറ്റ സഹായകമാണ്. ഇങ്ങനെ വലിയ തോതില്‍ തിരിമറി നടന്നുവെന്നാണ് കണ്ടെത്തല്‍.

 

Be the first to comment

Leave a Reply

Your email address will not be published.


*