എല്ലാ സീസണിലും വിപണിയിൽ സുലഭമായി ലഭിക്കുന്ന പഴമാണ് വാഴപ്പഴം. നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഒരു പഴം കൂടിയാണിത്. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, വിവിധ ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് വാഴപ്പഴം. ഇതിലെ ഗ്ലൈസമിക് സൂചിക കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വാഴപ്പഴം സഹിക്കുമെന്ന് കറന്റ് ഒപ്പീനിയൻ ഇൻ ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് മെറ്റബോളിക് കെയറിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ദിവസേന വാഴപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഹൃദയാരോഗ്യം
വാഴപ്പഴത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാനും വാഴപ്പഴം സഹായിക്കും. കൂടാതെ ഇതിൽ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിന്റെ പ്രവർത്തനം സുഗമമായി നിലനിർത്താനും ഗുണം ചെയ്യും.
ഊർജ്ജം
പ്രകൃതിദത്ത ഊർജ്ജത്തിൻ്റെ മികച്ച ഉറവിടമാണ് നേന്ത്രപ്പഴം. സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ സഹായിക്കും. പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതിനാൽ വ്യായാമ സമയത്തെ പേശിവലിവ് തടയാൻ വാഴപ്പഴം ഫലപ്രദമാണെന്ന് ദി ജേർണൽ ഓഫ് ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
വൃക്കയുടെ ആരോഗ്യം
വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ കിഡ്നി സ്റ്റോൺ ഉൾപ്പെടെയുള്ള വൃക്ക രോഗങ്ങളുടെ സാധ്യത കുറയ്ക്കും. സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും വൃക്കകളുടെ ആയാസം കുറയ്ക്കാനും ഇത് ഫലപ്രദമാണ്. പതിവായി വാഴപ്പഴം കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ വളരെയധികം ഗുണം ചെയ്യും.
മാനസികാരോഗ്യം
വിറ്റാമിന് ബി 6 വാഴപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാനസികാരോഗ്യം നിലനിർത്താനും വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. ഉറക്കക്കുറവ് പരിഹരിക്കാനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.
ചർമ്മത്തിന്റെ ആരോഗ്യം
വൈറ്റമിൻ സി , വിറ്റാമിൻ എ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് വാഴപ്പഴം. ഇത് കൊളാജൻ ഉത്പാദനത്തെ സഹായിക്കുകയും അകാല വാർധക്യം തടയുകയും ചെയ്യും. സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് കിരങ്ങൾ ഉണ്ടാക്കുന്ന നാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇത് സഹായിക്കും. ഒക്സിഡേറ്റീവ് നാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും വാഴപ്പഴത്തിലെ ആൻ്റി ഓക്സിഡൻ്റുകൾ സഹായിക്കുമെന്ന് 2018 ൽ ജേണൽ ഓഫ് കോസ്മെറ്റിക് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയിരുന്നു. ചർമ്മത്തിലെ ചുളുവുകളും പാടുകളും തടഞ്ഞ് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും വാഴപ്പഴം ഫലപ്രദമാണ്.
ശരീരഭാരം
കലോറി കുറഞ്ഞതും ധാരാളം നാരുകൾ അടങ്ങിയതുമായ ഒരു പഴമാണ് വാഴപ്പഴം. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വിശപ്പ് നിയന്ത്രിക്കാനും ലഘുഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും വാഴപ്പഴം ഗുണം ചെയ്യും.
എല്ലുകളുടെ ആരോഗ്യം
വാഴപ്പഴത്തിൽ കാൽസ്യം സമ്പന്നമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് ഫലം ചെയ്യും. അതിനാൽ പതിവായി വാഴപ്പഴം ഡയറ്റിൽ ഉൾപ്പെടുത്താം.
Be the first to comment