സേവനങ്ങള്‍ ഇനി ഡിജിറ്റല്‍: കര്‍ഷകര്‍ക്കായി ‘ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു

കര്‍ഷകര്‍ക്ക് കൃഷി വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കുവാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം. ഇതിനായി ‘ആശ്രയ’ കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്.

കൃഷിവകുപ്പ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി ചേര്‍ന്നാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. AIMS പോര്‍ട്ടലിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനായ KATHIR (Kerala Agriculture Technology Hub and Information Repository) പോര്‍ട്ടലിലൂടെയും കൃഷി വകുപ്പിന്റെ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കൃഷിവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ്രയ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.

കൃഷിക്കൂട്ടങ്ങള്‍, കൃഷിശ്രീ, അഗ്രോ സര്‍വീസ് സെന്ററുകള്‍, കാര്‍ഷിക കര്‍മ്മ സേനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലായിരിക്കും ആദ്യ ഘട്ടത്തില്‍ ‘ആശ്രയ’ ഡിജിറ്റല്‍ കര്‍ഷക സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുക. ഈ വര്‍ഷം കാര്‍ഷിക പ്രാധാന്യമുള്ളതും ചെറുകിട നാമമാത്ര കര്‍ഷകര്‍ കൂടുതലുള്ളതുമായ പ്രദേശം കണ്ടെത്തി പൈലറ്റ് അടിസ്ഥാനത്തിലാണ് ആശ്രയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വിജയ സാധ്യത വിലയിരുത്തി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ഒരു കൃഷിഭവന്‍ പരിധിയില്‍ ഒരു കര്‍ഷക സേവന കേന്ദ്രമെന്നതാണ് ലക്ഷ്യം.

AIMS രജിസ്‌ട്രേഷന്‍, നെല്ല്, പച്ചത്തേങ്ങ, കൊപ്ര സംഭരണ രജിസ്‌ട്രേഷന്‍, SMAM രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ഇതര സാങ്കേതിക സേവനങ്ങളും കര്‍ഷകര്‍ക്ക് ഈ കേന്ദ്രം വഴി ലഭ്യമാക്കും. ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ സേവനങ്ങളും കര്‍ഷകര്‍ക്ക് ആശ്രയ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. കര്‍ഷകരുടെ ഒരു ‘വണ്‍ സ്റ്റോപ്പ് ഡെസ്റ്റിനേഷന്‍’ ആയാണ് ആശ്രയ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകന് സേവന കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്ക് അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ് ഈടാക്കും. കൃഷിയിടത്തിലെത്തി നടത്തുന്ന സേവനങ്ങള്‍ക്കും പുതിയ സേവനങ്ങള്‍ക്കും നിരക്ക് പ്രാദേശികമായി നിശ്ചയിച്ചുനല്‍കും

Be the first to comment

Leave a Reply

Your email address will not be published.


*