ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാറിനെതിരെ ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മ. മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെയാണെന്ന പ്രേം കുമാറിന്റെ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം. ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പ്രേം കുമാര്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് ആത്മ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന പ്രേം കുമാര്‍ സീരിയലുകളുടെ ഉള്ളടക്കത്തില്‍ എന്തെങ്കിലും ഗുരുതര പ്രശ്‌നങ്ങള് കണ്ടെത്തിയാല്‍ നടപടിയെടുക്കാന്‍ ബാധ്യസ്ഥനാണെന്ന് ആത്മ ചൂണ്ടിക്കാട്ടുന്നു. സീരിയല്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ കൈയടിയ്ക്ക് വേണ്ടി പ്രസ്താവനകള്‍ നടത്തുന്നച് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആത്മയുടെ വിമര്‍ശനം. പ്രേം കുമാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തന്റെ പ്രസ്താനയ്ക്ക് കാരണമായ പശ്ചാത്തലം കൃത്യമായി വിശദീകരിക്കണമെന്നും ആത്മ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു പ്രേം കുമാറിന്റെ പരാമര്‍ശം വിവാദമായത്. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേം കുമാര്‍ പറഞ്ഞു. എന്നാല്‍ എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേം കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നിരവധി സീരിയല്‍, സിനിമാ താരങ്ങളാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്.
Be the first to comment