‘എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്, സന്ദേശം വ്യാജം’; കുടുങ്ങരുതെന്ന് മന്ത്രി

പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചരണം വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്.

പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും മന്ത്രി അറിയിച്ചു. സാധാരണ ജനങ്ങളിലേക്ക് വാട്ട്സ്ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്.

വാട്ട്സ്ആപ്പ് മെസ്സേജ് വഴി രജിസ്‌ട്രേഷന്‍ ലിങ്ക് സഹിതമാണ് പ്രചരണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്‍റേയും ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിച്ചാണ് സന്ദേശം പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണമെന്നും ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*