തൃശൂർ: നാട്ടാനകൾക്ക് പ്രത്യേക സാഹചര്യങ്ങളിൽ ദയാവധം നടപ്പാക്കാൻ ആലോചന. നാട്ടാന പരിപാലന നിയമത്തിലെ പുതിയ ചട്ടഭേദഗതിയുടെ കരടിലാണ് ഇക്കാര്യം പറയുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ ആനകളുടെ ദയാവധം നടപ്പാക്കാനാകൂ എന്നും കരടിൽ പറയുന്നു. നാട്ടാന പരിപാലന നിയമത്തിലെ ചട്ടത്തിൽ ഇതുൾപ്പെടുത്തുന്നത് ആദ്യമായാണ്.
അപൂർവ സന്ദർഭങ്ങളിൽ ഇത് ഗുണകരമാകുമെന്നാണ് മേഖലയിലുള്ളവർ പറയുന്നത്. ഒരാന അത്രത്തോളം വേദന അനുഭവിക്കുന്ന സാഹചര്യത്തിലാണ് ദയാവധം ഏർപ്പെടുത്താമെന്ന നിർദേശം മുന്നോട്ട് വയ്ക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിയമിക്കുന്ന ഒരു സംഘമാണ് പരിശോധന നടത്തുക. ചുരുങ്ങിയത് നാല് അംഗങ്ങളാണ് സംഘത്തിലുണ്ടാവുക.
രണ്ട് വിദഗ്ധരായ വെറ്ററിനറി ഡോക്ടർമാർ, സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ്, അനിമൽ വെൽഫെയർ ബോർഡ് എന്നിവയിലെ ഓരോ അംഗവും അടങ്ങുന്നതായിരിക്കും സംഘം. അസുഖം ബാധിച്ചതോ വയസായതോ ആയ ആനകൾ തളർന്നു വീഴുന്ന സംഭവം പലപ്പോഴുമുണ്ടാകാറുണ്ട്. വീണ്ടും അതിനെ എഴുന്നേൽപ്പിക്കാൻ സാധിക്കില്ലെന്ന് ഉറപ്പുള്ള ഘട്ടങ്ങളും വരാറുണ്ട്.
അത്തരം സാഹചര്യങ്ങളിൽ വേദന അനുഭവിക്കുന്നതിനേക്കാൾ നല്ലതാണ് ദയാവധമെന്ന് മേഖലയിലുള്ളവർ തന്നെ പറയുന്നു. വാഹനമിടിച്ചും മറ്റും ഗുരുതരമായി പരിക്കേൽക്കുന്ന ആനകളുടെ കാര്യത്തിലും ഇത് ഉപയോഗപ്രദമാണ്. ഒരു പരിധിയിൽ കൂടുതൽ എല്ലു പൊട്ടിയാൽ ആനകൾക്ക് പഴയപടി ജീവിതത്തിലേക്ക് തിരികെ വരിക എന്നത് പ്രയാസകരമാണ്.
Be the first to comment