സംസ്ഥാനത്തെ ഡിജിറ്റൽ തട്ടിപ്പുകളിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തത്. ഡിജിറ്റൽ തട്ടിപ്പുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതായും, ഹവാല ഇടപാട് നടക്കുന്നതായും ഇഡിക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം.ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ കേന്ദ്ര ഏജൻസി ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ഇൻഫോപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസും ഇഡി അന്വേഷിക്കും. വാഴക്കാല സ്വദേശിനിയെ കബളിപ്പിച്ച് 4.11 കോടി രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.ഈ കേസിൽ ഹവാല ബന്ധം കണ്ടെത്തിയിരുന്നു. പ്രതികളെ ഇഡി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.തട്ടിപ്പിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് നിഗമനം.
അതേസമയം, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ കർശന നടപടികൾ കേന്ദ്രം ശക്തമാക്കുകയാണ്. ഡിജിറ്റൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയായി 59000 വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തെന്ന് കേന്ദ്രം അറിയിച്ചു. 1700 സ്കൈപ്പ് അക്കൗണ്ടുകള്‍ക്കെതിരെയും ഇതുവരെ നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം നവംബര്‍ 15വരെ തട്ടിപ്പിൽ ഏര്‍പ്പെട്ട 6.69 ലക്ഷം മൊബൈല്‍ സിം കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Be the first to comment