ഹൈദരാബാദ്: സൂര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ഐഎസ്ആർഒയുടെ പ്രോബ-3 സോളാർ ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവെച്ചു. പേടകത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചാണ് വിക്ഷേപണം മാറ്റിവെച്ചത്. പ്രോബ 3 ഉപഗ്രഹങ്ങളുമായി പോകുന്ന പിഎസ്എല്‍വി-C59ന്റെ വിക്ഷേപണം നാളേക്ക് (ഡിസംബർ 5) നീട്ടിയതായാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും നാളെ വൈകുന്നേരം 4.12ന് വിക്ഷേപിക്കുമെന്നാണ് ഐഎസ്ആർ അറിയിച്ചത്.
ഇന്ന് (ഡിസംബർ 4) വൈകുന്നേരം 4.08ന് വിക്ഷേപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ വിക്ഷേപണത്തിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രോബ-3യുടെ വിക്ഷേപണം മാറ്റിവെച്ചതായി ഐഎസ്ആർഒ അറിയിച്ചത്. പേടകത്തിലെ അപാകതകൾ എന്താണെന്നത് ഐഎസ്ആർഒ വിശദീകരിച്ചിട്ടില്ല.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ രണ്ട് പേടകങ്ങളാണ് ദൗത്യത്തിന്റെ ഭാഗമാകുക. രണ്ട് ഉപഗ്രഹങ്ങളെ അയക്കുന്നത് വഴി കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ട്ടിക്കാനും സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുമാണ് പ്രോബ-3 ദൗത്യം പദ്ധതിയിടുന്നത്. രണ്ട് പേടകങ്ങളെ ഉപയോഗിച്ച് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പിഎസ്എൽവി സി59 റോക്കറ്റിലായിരിക്കും വിക്ഷേപണം.
Be the first to comment