ആലപ്പുഴ കളര്‍കോട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരി ശങ്കറിനെ പ്രതി ചേര്‍ത്തു. കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഈ കാര്‍ വാടകയ്ക്ക് എടുത്തത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആല്വിന് വെന്റിലേറ്ററില്‍ തുടരുകയാണ്. മറ്റ് നാലുപേരുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടേഴ്സ് അറിയിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 .20ന് ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരിമുക്കിലാണ് അപകടമുണ്ടായത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ 5 എംബിബിഎസ് ഒന്നാം വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ശക്തമായ മഴയായതിനാലാണ് സിനിമയ്ക്ക് പോകാനായി വിദ്യാര്‍ത്ഥികള്‍ കാര്‍ വാടകയ്ക്കെടുത്തത്.
അപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേര് യാത്ര ചെയ്യേണ്ട ടവേര വാഹനത്തില്‍ 11 പേര് യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടവേര വാഹനം ഓടിച്ചയാള്‍ക്ക് ലൈസന്‍സ് നേടി 5 മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. വാഹനത്തിന് 14 വര്‍ഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവ ഇല്ലാത്തതിനാല്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടര്‍ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
Be the first to comment