കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. കേസന്വേഷണം ശരിയായ രീതിയിലാണോ മുന്നോട്ട് പോകുന്നതെന്ന് കോടതി ചോദിച്ചു. കൂടാതെ, നവീന്റെ ശരീരത്തില്‍ അസ്വാഭാവിക മുറിവുകളുണ്ടായരുന്നോ എന്നും കോടതി ചോദിച്ചു. എന്നാല്‍, അന്വേഷണ ശരിയായ രീതിയിലാണെന്നും ശരീരത്തില്‍ അസ്വാഭാവിക മുറിവുകളില്ലെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണത്തിന് തയറാണോ എന്ന് സിബിഐയോടും കോടതി ആരാഞ്ഞു. തുടര്‍ന്ന് ഹര്‍ജി വിശദവാദത്തിന് അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി.
പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും ശരിയായ ദിശയിലെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തെ വിശ്വാസത്തിലെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.ഹര്‍ജിയില്‍ പ്രത്യേക പോലീസ് സംഘത്തോട് കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസ് ഡയറി പരിശോധിച്ച ശേഷമാണ് പ്രോസിക്യൂഷനോട് ചില ചോദ്യങ്ങള്‍ കോടതിയില്‍ നിന്നുണ്ടായത്. കെ നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15നാണ് കണ്ണൂരിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
Be the first to comment