ന്യൂഡല്‍ഹി: പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണം വായ്പാനയം പ്രഖ്യാപിച്ചു. തുടര്‍ച്ചയായ പതിനൊന്നാം തവണയും പലിശനിരക്കില്‍ മാറ്റം വരുത്തിയില്ല. മുഖ്യ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ നിരക്കാണ് റിപ്പോ. പണപ്പെരുപ്പ നിരക്ക് ഉയര്ന്നുനില്ക്കുന്നത് കൊണ്ടാണ് പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതിയുടെ (എംപിസി) നടപ്പുവര്‍ഷത്തെ (2024-25) അഞ്ചാം ദ്വൈമാസ യോഗത്തിലാണ് പ്രഖ്യാപനം.
പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ 10 തവണയും നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 2022 മെയ് മുതല്‍ 2023 ഫെബ്രുവരിവരെയുള്ള കാലയളവില്‍ ആറുതവണയായി റിപ്പോ നിരക്ക് 2.5 ശതമാനമാണ് വര്‍ധിപ്പിച്ചത്. പിന്നീട് 6.5 ശതമാനമായി തുടരുകയാണ്.
അതേസമയം പണലഭ്യത വര്‍ധിപ്പിക്കാന്‍ കരുതല്‍ ധനാനുപാതം കുറച്ചു. 4.5 ശതമാനത്തില്‍ നിന്ന് നാലുശതമാനമായാണ് കുറച്ചത്. ഇതിലൂടെ ബാങ്കുകളുടെ കൈവശം 1.16 ലക്ഷം കോടി രൂപയുടെ പണലഭ്യതയാണ് ഉറപ്പുവരുത്തിയതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായും തുടരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
ഭക്ഷ്യവിലപ്പെരുപ്പം 10.87 ശതമാനത്തിലേക്കും അതില്‍തന്നെ പച്ചക്കറികളുടെ വിലപ്പെരുപ്പം 42.18 ശതമാനത്തിലേക്കും കത്തിക്കയറിയതാണ് റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയത്തെ സ്വാധീനിച്ചത്. ഇന്ത്യയുടെ ജിഡിപി നടപ്പുവര്‍ഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 7 ശതമാനം വളരുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ അനുമാനം. എന്നാല്‍, കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിച്ച് വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
Be the first to comment