ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പൂര കമ്മറ്റികൾ

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഇടപെടലിൽ പ്രതിഷേധം ശക്തമാക്കി തൃശൂരിലെ വിവിധ പൂര കമ്മറ്റികൾ. ഉത്രാളിക്കാവിൽ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി നാളെ ആചാര സംരക്ഷണ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.

രാവിലെ 10 മണിക്ക് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷേധ സംഗമം സേവ്യയർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി നാളെ ആചാര സംരക്ഷണ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.

എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ ക്ഷേത്ര ഉത്സവ കമ്മിറ്റി ഓർഗനൈസേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മെമ്മോറാണ്ടം നൽകിയിരുന്നു. നിലവിലെ മാർഗനിർദേശങ്ങൾ കേരളത്തിന്റെ പൈതൃകത്തെ നശിപ്പിക്കും, ഹർജി പരിഗണിക്കുന്ന ബെഞ്ച് വിഷയം കൃത്യമായി പഠിച്ചിട്ടില്ല, നിഷ്പക്ഷത ഉറപ്പാക്കാൻ ഹർജി പരിഗണിക്കുന്ന ബെഞ്ച് പുനസംഘടിപ്പിക്കണം, തുടങ്ങിയ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തിൽ പറയുന്നത്. പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങളാണ് ഹൈക്കോടതി ഗൈഡ് ലൈനിൽ ഉള്ളതെന്നു മെമ്മോറാണ്ടത്തിൽ വിമർശിച്ചിട്ടുണ്ട്.

നവംബർ 14 നാണ് സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പിൽ കർശന നിബന്ധനകൾ മുന്നോട്ടുവച്ചുകൊണ്ട് ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെയുള്ള നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ്‌ എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്‌ എ ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*