ഇനി ഡ്രൈവിങ് ലൈസൻസ് കിട്ടാൻ പാടുപെടും; Hഉം, 8ഉം മാറുന്നു, എന്താണ് പുതിയ പ്രൊബേഷൻ ലൈസൻസ്?

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിന് പുതിയ മാറ്റം വരുത്താൻ ആലോചനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് ടെസ്‌റ്റും, ഡ്രൈവിങ് ടെസ്‌റ്റും വിജയിച്ചതിന് പിന്നാലെ ലൈസൻസ് നല്‍കുന്ന രീതിയില്‍ മാറ്റം വരുത്താനാണ് എംവിഡി ഒരുങ്ങുന്നത്. ടെസ്‌റ്റുകള്‍ മാത്രം വിജയിച്ച് ലൈസൻസ് ലഭ്യമാക്കുന്നതിന് പകരം പ്രൊബേഷൻ ലൈസൻസ് കൂടി കൊണ്ടുവരാനാണ് അധികൃതരുടെ നീക്കം.

എന്താണ് പ്രൊബേഷൻ ലൈസൻസ്?

ടെസ്‌റ്റുകളുടെ മാത്രം അടിസ്ഥാനത്തില്‍ ഡ്രൈവിങ് ലൈസൻസ് നല്‍കുന്നതിന് പകരം ആളുകളുടെ ഡ്രൈവിങ് നിരീക്ഷിച്ച് ലൈസൻസ് ലഭ്യമാക്കാനാണ് എംവിഡി ലക്ഷ്യമിടുന്നത്. ഈ നിരീക്ഷണ കാലയളവിനെയാണ് പ്രൊബേഷൻ പിരീയഡ് എന്ന് വിളിക്കുന്നത്. ലേണേഴ്‌സ്, ഡ്രൈവിങ് ടെസ്‌റ്റുകള്‍ വിജയിച്ച ഒരു വ്യക്തിക്ക് ആദ്യം പ്രൊബേഷൻ ലൈസൻസാണ് ലഭിക്കുക.

തുടര്‍ന്ന് അപകടരഹിതമായ രീതിയില്‍ മാത്രം വാഹനം ഓടിച്ചാലേ യഥാര്‍ഥ ഡ്രൈവിങ് ലൈസൻസ് ലഭിക്കൂ. അപകടരഹിത യാത്ര ഉറപ്പാക്കി പുതിയ ഡ്രൈവിങ് സംസ്‌കാരം രൂപപ്പെടുത്തലാണ് പരിഷ്‌കാരത്തിന്‍റെ ഉദ്ദേശ്യമെന്നും ഇതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി.

പ്രൊബേഷൻ കാലയളവ്?

ലേണേഴ്‌സ് പരീക്ഷ കഴിഞ്ഞതിന് ശേഷം ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവ് പ്രൊബേഷനായി പരിഗണിക്കാനാണ് എംവിഡിയുടെ തീരുമാനം. ഈ കാലയളവില്‍ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അധികൃതര്‍ നിരീക്ഷിക്കും. ഗതാഗത നിയമങ്ങള്‍ക്ക് അനുസൃതമായി അപകടരഹിതമായി വാഹനം ഓടിക്കുന്നുണ്ടോ എന്ന കാര്യം എംവിഡി നിരീക്ഷിക്കും.

തുടര്‍ന്നാകും ലൈസൻസ് ലഭ്യമാക്കുക. ആലപ്പുഴ കളര്‍കോടില്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു, ഇതില്‍ വാഹനം ഡ്രൈവ് ചെയ്‌ത വിദ്യാര്‍ഥിക്ക് ഈ അടുത്താണ് ലൈസൻസ് ലഭിച്ചിരുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ കൂടി ഒഴിവാക്കാനാണ് എംവിഡി പുതിയ മാറ്റം കൊണ്ടുവരുന്നത്.

ഡ്രൈവിങ് ടെസ്‌റ്റുകളില്‍ വൻ മാറ്റം വരുന്നു, ഇനി നെഗറ്റീവ് മാര്‍ക്കും

ലേണേഴ്‌സ്, ഡ്രൈവിങ് പരീക്ഷകളില്‍ വലിയ മാറ്റം കൊണ്ടുവരാനും ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നു. ലേണേഴ്‌സ് പരീക്ഷ പരിഷ്‌കരിക്കും. ഡ്രൈവിങ്ങിലെ പ്രായോഗിക പരിജ്ഞാനം സംബന്ധിച്ച ചോദ്യങ്ങളുടെ എണ്ണം കൂട്ടും. നെഗറ്റീവ് മാര്‍ക്കും വരും. ഇതു മൂന്നു മാസത്തിനകം നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. എച്ച്, എട്ട് എന്നിവയൊഴിവാക്കി സംസ്ഥാനത്തെ റോഡുകളിലെ യഥാര്‍ഥ സാഹചര്യങ്ങള്‍ നേരിടുന്ന രീതിയിലാകും ട്രാക്ക് ടെസ്റ്റ് നടത്തുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*