ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 32 കേസുകളില്‍ അന്വേഷണം നടക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍; 11 കേസുകള്‍ ഒറ്റയാളുമായി ബന്ധപ്പെട്ടതെന്നും വിശദീകരിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതില്‍ 11 കേസുകളും ഒരൊറ്റ അതിജീവിതയുമായി ബന്ധപ്പെട്ടതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ആരെയൊക്കെ ബന്ധപ്പെടണമെന്ന് അന്വേഷണസംഘത്തിന് തീരുമാനിക്കാം എന്ന് കോടതി വ്യക്തമാക്കി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് അന്വേഷണ പുരോഗതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണ്. നാല് കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ തെളിവുകളില്ലാത്തതിനാല്‍ അവസാനിപ്പിച്ചു. 4 കേസുകളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് അന്വേഷണ സംഘം ഡിജിപിയുടെ അനുമതി തേടിയിരിക്കുകയാണ്. ഭീഷണി നേരിടുന്ന അതിജീവിതകളുടെ സംരക്ഷണത്തിന് നോഡല്‍ ഓഫീസറായി പ്രത്യേക അന്വേഷണ സംഘത്തിലെ എഐജി ജി.പൂങ്കഴലിയെ നിയമിച്ച കാര്യവും സര്‍ക്കാര്‍ അറിയിച്ചു.

ഇതിനിടെ ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ പലരെയും പ്രത്യേക അന്വേഷണസംഘം ബന്ധപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി അറിയിച്ചു. എല്ലാവരെയും ബന്ധപ്പെടുന്നുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രത്യേക അന്വേഷണ സംഘമാണെന്ന് കോടതിയും വ്യക്തമാക്കി.

ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ കോടതിയുെടെ അന്തസ്സും വിശ്വാസ്യതയും സംരക്ഷിക്കാന്‍ സഹജമായ ശേഷി കോടതിക്കു തന്നെ ഉണ്ടെന്നും പുറത്തു നിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോടതിയുടെ അന്തസും വിശ്വാസ്യതയും സംരക്ഷിക്കാന്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*