സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ വീതമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയും ഇന്ന് കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58000 കടന്നു. പവന് 58280 എന്ന നിലയിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 7205 രൂപയും നല്‍കേണ്ടി വരും. സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് ഉയര്‍ന്ന വിലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*